സാമൂഹ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും പരിഹാരങ്ങള്‍ കണ്ടെത്താനും കുട്ടികളെ പ്രാപ്തമാക്കാന്‍ മുന്നിട്ടിറങ്ങി ബാലസദസ്സ്; കൊയിലാണ്ടിയില്‍ സംഘാടക സമിതി രൂപീകരിച്ചു


കൊയിലാണ്ടി: ഒക്ടോബര്‍ രണ്ടിന് സംഘടിപ്പിക്കുന്ന ബാലസദസ്സുമായി ബന്ധപ്പെട്ട് കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തില്‍ സംഘാടകസമിതി രൂപീകരിച്ചു. കുട്ടികളുടെ കൂട്ടായ്മ വളര്‍ത്തുകയും ബാലസഭ ശാക്തീകരിക്കുകയും ചെയ്യുക, സാമൂഹ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും അതിനു പരിഹാരങ്ങള്‍ കണ്ടെത്താനും കുട്ടികളെ പ്രാപ്തമാക്കുക എന്നതാണ് ബാലസദസ്സ് പരിപടിയുടെ ലക്ഷ്യങ്ങള്‍. കേരളത്തിലെ മുഴുവന്‍ വാര്‍ഡുകളിലും കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ബാലസദസ്സ് സംഘടിപ്പിക്കുകയാണ്.

കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നഗരസഭാ ക്ഷേമ കാര്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷനായി. കൊയിലാണ്ടി സൗത്ത് സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍ വിബിന കെ.കെ സ്വാഗതം പറഞ്ഞു. സംഘാടക സമിതി പാനല്‍ കൊയിലാണ്ടി നോര്‍ത്ത് സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍ ഇന്ദുലേഖ എം.പി അവതരിപ്പിച്ചു. പ്രവര്‍ത്തന വിശദീകരണം കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രശ്മിശ്രീ വി.പി.എം അവതരിപ്പിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നിജില പറവക്കൊടി, ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി. പ്രജില എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. ബാലസഭ ബ്ലോക്ക് ആര്‍.പി ഫാത്തിമ ടി.വി നന്ദി പറഞ്ഞു.

Summary: An organizing committee has been formed under the leadership of the Koyilandi Municipal Council in connection with the children’s assembly to be organized on October 2.