കാവുംവട്ടത്ത് ഇരുനില കെട്ടിടത്തില്‍ കൂടുതല്‍ സൗകര്യത്തോടെ പ്രവര്‍ത്തനം; സി.പി.എം നടേരി ലോക്കല്‍ കമ്മിറ്റിക്ക് പുതിയ ഓഫീസ് ഒരുങ്ങുന്നു


നടേരി: സി.പി.എം നടേരി ലോക്കല്‍ കമ്മിറ്റിക്ക് പുതിയ ഓഫീസ് കെട്ടിടം ഒരുങ്ങുന്നു. കാവുംവട്ടത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. യോഗം നടത്താനുള്ള വലിയ ഹാളടക്കമുള്ള രണ്ട് നില കെട്ടിടമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്.

സഖാവ് പി.കെ.ശങ്കരന്റെ സ്മരണാര്‍ത്ഥമാണ് കെട്ടിടം പണിതിരിക്കുന്നത്. സഖാവ് പി കെ.ശങ്കരേട്ടന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 26ന് നടക്കും. പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണ യോഗം ഇന്നലെ കാവുംവട്ടം യു.പി സ്‌കൂളില്‍ നടന്നു. യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ മാസ്റ്റര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് കെ.സത്യന്‍, കെ.ഷിജുമാസ്റ്റര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍.കെ.അനില്‍കുമാര്‍, ടി.ഇ.ബാബു എന്നിവര്‍ സംസാരിച്ചു. പി.വി. മാധവന്‍ അദ്ധ്യക്ഷനായിരുന്നു. ആര്‍.കെ.അനില്‍കുമാര്‍ കണ്‍വീനറും പി.വി.മാധവന്‍ ചെയര്‍മാനുമായ സംഘാടക സമതിക്ക് രൂപം നല്‍കി.

Summary: A new office building is being prepared for CPM Nateri Local Committee.