ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; പേരാമ്പ്ര മുളിയങ്ങലില്‍ റോഡില്‍ തെറിച്ചുവീണ് എട്ടാംക്ലാസുകാരന് പരിക്ക്


പേരാമ്പ്ര: ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ വിദ്യാര്‍ഥിക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 9.50ന് മുളിയങ്ങല്‍ ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ പേരാമ്പ്ര വാളൂര്‍ ചെക്യോട്ട് ഹാമിദ് (13)നാണ് പരിക്കേറ്റത്. ഹാമിദിന്റെ ഇടതുകൈ പൊട്ടിയിട്ടുണ്ട്.

കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന എസ്റ്റീം ബസില്‍ നിന്നാണ് കുട്ടി വീണത്. ബസ് മുന്നോട്ടെടുത്തതോടെ ഹാമിദ് പിടിവിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കണ്ടുനിന്നവര്‍ ബഹളമുണ്ടാക്കിയെങ്കിലും ബസ് നിര്‍ത്താതെ പോയി. നാട്ടുകാര്‍ ചേര്‍ന്ന് ഓട്ടോ വിളിച്ച് കുട്ടിയെ വീട്ടിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.