പേരാമ്പ്ര പാലേരിയില്‍ വാടകവീട് കേന്ദ്രീകരിച്ച് ലഹരിവില്പന; മാരക ലഹരിമരുന്നുമായി നാദാപുരം സ്വദേശിയായ യുവാവ് പേരാമ്പ്ര പോലീസിന്റെ പിടിയില്‍


പേരാമ്പ്ര: പേരാമ്പ്രയില്‍ മാരകലഹരിമരുന്നുമായി നാദാപുരം സ്വദേശിയായ യുവാവ് പിടിയില്‍. നാദാപുരം കരിങ്കാണിന്റവിട ഷഹീറാണ് പോലീസിന്റെ പിടിയിലായത്. 18 ഗ്രാം എം.ഡി.എം.എ യും കാല്‍ കിലോഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.പാലേരിയിലെ ഒരു സ്വകാര്യ കോളജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവന്നിരുന്ന ഇയാള്‍ കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടില്‍ നിന്നാണ് പോലീസിന്റെ പിടിയിലായത്.

ഈ സമയം വീട്ടില്‍ നിന്നും ഓടിപ്പോയ മുഖ്യപ്രതി അമീറിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയായി പോലീസ് അമീറിനായി വലവിരിച്ചിരിക്കുകയായിരുന്നു. കുറ്റ്യാടി സ്റ്റേഷനിലെ മറ്റൊരു മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് അന്വേഷണവുമായി എത്തിയതായിരുന്നു പോലീസ്.

എന്നാല്‍ പോലീസിനെ കണ്ട് ഒരാള്‍ ഓടിയതില്‍ കുറ്റ്യാടി പോലീസിന് സംശയം തോന്നിയതിനെത്തുടര്‍ന്ന് പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ ഷമീറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. പേരാമ്പ്ര പോലീസും റൂറല്‍ ജില്ലാ ഡാന്‍സാഫും പേരാമ്പ്ര ഡി.വൈ.എസ്പി സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.