മഞ്ഞപ്പിത്ത പ്രതിരോധം; ജനങ്ങള്‍ അവബോധം പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പ്രതിരോധ മാര്‍ഗങ്ങള്‍ ഇവയൊക്കെ..


കോഴിക്കോട്: ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്ന ലാഹചര്യത്തില്‍ മഞ്ഞപ്പിത്ത പ്രതിരോധത്തില്‍ ജനങ്ങള്‍ അവബോധം പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധക്കുള്ള സാധ്യത കൂടുതലുള്ളവര്‍, സുരക്ഷിതമല്ലാത്ത/മലിനമായ കുടിവെള്ളം ഉപയോഗിക്കുന്നവര്‍, രോഗബാധിതരായ ആളുകള്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നവര്‍, രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ശുചിത്വ ശീലങ്ങള്‍ പാലിക്കാത്തവര്‍, മലിനമായ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

രോഗം പകരുന്ന വിധം

മലിനമായ ജലസ്രോതസ്സുകളിലൂടെയും, മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനീയം, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും. ഹോട്ടലുകളിലും, വിവാഹ സല്‍ക്കാരങ്ങളിലും മറ്റും ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന കൊമേഷ്യല്‍ ഐസ് ഉണ്ടാക്കുന്ന വെള്ളം മലിനമാണെങ്കില്‍ അതിലൂടെയും രോഗം പകരാവുന്നതാണ്.

രോഗലക്ഷണങ്ങള്‍

അമിതമായ ക്ഷീണം, പനി, വയറുവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കണം.
അംഗീകൃത ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ചികിത്സകരില്‍ നിന്നും മാത്രമേ പരിചരണം തേടാന്‍ പാടുള്ളൂ.

പ്രതിരോധ മാര്‍ഗങ്ങള്‍

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക,
സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകലം ഉണ്ടെന്ന് ഉറപ്പുവരുത്തുക, മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക.