നൊച്ചാട് ജനവാസമേഖലയില്‍ പടക്ക നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍; പിന്തുണയറിയിച്ച് സി.പി.എം


പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ജനവാസമേഖലയില്‍ പടക്ക നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ പ്രദേശവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം. പടക്കശാല നിര്‍മ്മിക്കുന്ന സ്ഥലം സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു.

എലിപ്പാറ പൊരേറി ചാലില്‍ പറമ്പില്‍ പടക്ക നിര്‍മാണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. കാട് വെട്ടിയൊരുക്കുന്നത് കണ്ട നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പടക്കനിര്‍മാണ ശാലയുടെ വിവരം അറിഞ്ഞത്. ഇത് സംബന്ധിച്ച് പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ കൈമലര്‍ത്തുകയാണ് ചെയ്തതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

വലിയ മുന്നൊരുക്കങ്ങളും നിയന്ത്രങ്ങളും വേണ്ട പടക്ക നിര്‍മാണശാല സ്ഥാപിക്കുന്നത് അധികാരികള്‍ പോലും വളരെ ലാഘവത്തോടെ കാണുന്നതില്‍ വലിയ അസംതൃപ്തിയിലാണ് നാട്ടുകാര്‍. നിയുക്ത പടക്ക നിര്‍മാണ ശാലയുടെ 20 മീറ്ററിനുള്ളില്‍ ഒന്നിലധികം വീടുകളുണ്ട്. കൂടാതെ, ഒട്ടനേകം കുടുംബങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം എടുക്കുന്നതും തൊട്ടടുത്ത കിണറ്റില്‍ നിന്നാണ്. തൊഴിലവസരങ്ങളുടെ പേരില്‍ പടക്ക നിര്‍മാണശാല വന്നാല്‍ പ്രദേശത്ത് ജനവാസം അസാധ്യമാണെന്നും പ്രദേശത്ത് പുതിയ വീട് വെക്കാനോ സ്ഥലം വില്‍പന നടത്താനോ സാധ്യമല്ലെന്നും പ്രദേശ വാസികള്‍ ചൂണ്ടിക്കാണിക്കുന്നു.

ആശങ്ക പരിഹരിക്കുന്നില്ലെങ്കില്‍ ജനകീയ ഒപ്പ് ശേഖരണം നടത്തി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍. ഈ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ക്ക് പിന്തുണയറിയിച്ച് സി.പി.എം രംഗത്തുവന്നത്.

സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗം കെ.കെ.ഹനീഫ മാസ്റ്റര്‍, ലോക്കല്‍ കമ്മറ്റി സെക്രട്ടറി എടവന സുരേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരയ്ക്കല്‍ എല്‍.സി അംഗങ്ങളായ പി.സുരാജ് എന്‍.ഷാജു, സി.മുഹമ്മദ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അര്‍ജുന്‍ എസ്.ബി, ബ്രാഞ്ച് സെക്രട്ടറിമാരായ ടി.ചന്ദ്രന്‍, അരുണ്‍ അമ്പാടി, എസ്.എഫ്.ഐ സെക്രട്ടറി അഭിജാദ്, മിഥുന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.