”ബൈപ്പാസില്‍ കുന്ന്യോറമല ഭാഗത്ത് ടണല്‍ നിര്‍മ്മിച്ച് ജനജീവിതം സുരക്ഷിതമാക്കണം”; ആവശ്യവുമായി 15ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി


കൊയിലാണ്ടി: പുതിയ ബൈപ്പാസില്‍ കുന്ന്യോറ മല ഭാഗത്ത് കുന്നിടിഞ്ഞ് ജന ജീവിതം ഭീഷണിയിലായ സാഹചര്യത്തില്‍ അപകടാവസ്ഥ ഒഴിവാക്കി പ്രദേശത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാന്‍ ടണല്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മുത്താമ്പിയിലെ ബാലന്‍മാസ്റ്റര്‍ സാംസ്‌കാരിക നിലയത്തില്‍ ഇന്നലെ ചേര്‍ന്ന 15ാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.

കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ തടയാനെന്ന പേരില്‍ നിലവില്‍ നടത്തുന്ന കാര്യങ്ങളൊന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരമല്ല. അപകടഭീഷണി നിലനില്‍ക്കുക തന്നെ ചെയ്യും. അതിനാല്‍ പ്രദേശത്തെ കോണ്‍ക്രീറ്റ് മതിലുകള്‍ തീര്‍ത്ത് ടണല്‍ പോലെ നിര്‍മ്മിച്ച് മണ്ണിടിച്ചില്‍ ഉണ്ടാവാത്ത തരത്തില്‍ സുരക്ഷിതമാക്കണമെന്നാണ് കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടത്. ബൈപാസിന്റെ ഡി.പി.ആര്‍ ലഭിച്ചിട്ടും യാതൊരുവിധ പഠനമോ ഇടപെടലോ നടത്താതെ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച നഗരസഭയുടെ ക്രൂരതയാണ് കുന്ന്യോറ മലയിലും പന്തലായനിയിലും മണമല്‍ ഭാഗത്തും ജനം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണമെന്നും യോഗം ചൂണ്ടിക്കാണിച്ചു.

ദേശീയപാതയുമായി ബന്ധപ്പെട്ട് കുന്ന്യോറമലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.പിയ്ക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിട്ടുണ്ടെന്ന് അരുണ്‍ മമല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എം.പിയുടെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ ഉദ്ഘാടനം ചെയ്തു. കോര്‍ കമ്മറ്റി ചെയര്‍മാന്‍ ടി.പി.കൃഷ്ണന്‍, സേവാദള്‍ ദേശീയ കോര്‍ഡിനേറ്റര്‍ വേണുഗോപാലന്‍.പി.വി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. വാസുദേവന്‍ സി.കെ അധ്യക്ഷത വഹിച്ചു. എം.എം.ശ്രീധരന്‍, പ്രദീപന്‍.സി.കെ, പ്രേമകുമാരി.എസ്.കെ, ശരത്ത് ചന്ദ്രന്‍, ജാനറ്റ് പാത്താരി, കല്യാണകൃഷ്ണന്‍, ലിനീഷ്, രമണി വായനാരി, ബാലന്‍.എന്‍.കെ, വിജയന്‍.കെ.കെ. എന്നിവര്‍ പ്രസംഗിച്ചു.

Summary: 15th Ward Congress Committee demands The tunnel should be built in kollam kunnyoramala