ദേശീയപാത നിര്‍മ്മാണം വെറ്റിലപ്പാറ ഭാഗത്തുള്ളവരുടെ വഴിയടച്ചു; അടിപ്പാതവേണമെന്ന ആവശ്യവുമായി ജനങ്ങളുടെ പ്രതിഷേധ കൂട്ടായ്മ


ചേമഞ്ചേരി: എന്‍ എച്ച് 66ന്റെ നിര്‍മാണം ചേമഞ്ചേരിയിലെ വെറ്റിലപ്പാറ ഭാഗത്ത് ഗതാഗത പ്രശ്‌നം രൂക്ഷമാക്കിയ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് ജനങ്ങള്‍ സമരരംഗത്ത്. സമരപരിപാടികള്‍ക്ക് മുന്നോടിയായി വെറ്റിലപ്പാറയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ സമരസമിതിയ്ക്ക് രൂപം നല്‍കി.

വെറ്റിലപ്പാറ ഭാഗത്ത് ദേശീയപാതയില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാലേ റോഡിന്റെ മറുവശത്തും തിരിച്ചും വരാനാവൂവെന്നതാണ് സ്ഥിതി. എന്‍.എച്ചില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ കിഴക്കുള്ള കൊളക്കാട് ഭാഗത്തെ ജനങ്ങള്‍ വെറ്റിലപ്പാറയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കും കൊയിലാണ്ടി ഭാഗത്തേക്കും യാത്ര ചെയ്യുന്നത്. എന്‍.എച്ചിന് അപ്പുറവും ഇപ്പുറവും കടക്കാന്‍ കഴിയാതെ ഈ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഒരു അടിപ്പാത ഈ ഭാഗത്ത് അനിവാര്യമാണെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.

ഡ്രെയ്‌നേജ് വഴി കിലോമീറ്ററുകളോളം ഒഴുകി വരുന്ന മലിന ജലം ജനവാസമേഖലയിലേക്കാണ് തുറന്നു വിടുന്നത്. ഇത് കാരണം 70 ഓളം വീടുകളില്‍ ഈ മഴക്കാലത്ത് വെള്ളം കയറുകയുണ്ടായി. കിണറില്‍ മലിന ജലം ഇറങ്ങി ഉപയോഗശൂന്യമായി. യാതൊരു പരിഹാരവും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഇങ്ങിനെ വരുന്ന മലിന ജലം ഡ്രൈനേജ് നിര്‍മിച്ച് പ്രകൃതിദത്തമായ തോടിലേക്ക് ഒഴുക്കിവിടണം. സര്‍വീസ് റോഡിന് ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാനുള്ള വീതിയേ ഉള്ളു. അക്വയര്‍ ചെയ്ത സ്ഥലം പൂര്‍ണമായും ഉപയോഗപ്പെടുത്താത്തതാണ് ഇതിന് കാരണം. ഇതാകട്ടെ കുണ്ടും കുഴിയും നിറഞ്ഞ് ഏത് സമയവും വാഹന കുരുക്കിലുമാണെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.

ഡ്രെയ്‌നേജിന്റെ പല ഭാഗങ്ങളും മുകളില്‍ മൂടാത്തതിനാല്‍ അപകടങ്ങള്‍ നിത്യ സംഭവമാണ്. ഇങ്ങിനെയുള്ള പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് അധികൃതരെ പലതവണ ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല.ഇ ഈ സാഹചര്യത്തിലാണ് വെറ്റിലപ്പാറയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും ആ കൂട്ടായ്മയില്‍ വെച്ച് വാര്‍ഡ് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി ചെയര്‍മാനും ചെയര്‍മാനും, അശോകന്‍ കോട്ട് കണ്‍വീനറുമായി ഒരു
സമരസമിതിക്ക് രൂപം നല്‍കുകയും ചെയ്തത്.

ബഹുജന കണ്‍വന്‍ഷന്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷയായി. സമരസമിതി കണ്‍വീനര്‍ അശോകന്‍ കോട്ട് സമരപരിപാടികള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ഷീബ ശ്രീധരന്‍, ചേമഞ്ചേരി ഗ്രാമപഞ്ചാത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.അബ്ദുള്‍ ഹാരിസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുധ തടവന്‍ കയ്യില്‍, സി.ലതിക വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.നൗഫല്‍, ഷബീര്‍ എളവനക്കണ്ടി, എ.കെ.സുനില്‍ കുമാര്‍ എന്നിവര്‍ കണ്‍വന്‍ഷനെ അഭിവാദ്യം ചെയ്തു. സംസാരിച്ചു പി.കെ.ഉണ്ണികൃഷ്ണന്‍ ഭാരവാഹി പട്ടിക അവതരിപ്പിച്ചു. വാര്‍ഡ് മെമ്പറും സമരസമിതി ചെയര്‍മാനുമായ വിജയന്‍ കണ്ണഞ്ചേരി സ്വാഗതവും ബിനീഷ് ബിജലി നന്ദിയും പറഞ്ഞു.

.