”കൊയിലാണ്ടിയിലെ മേലോമാനിയാക് ബാന്‍ഡ് ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഭൈരവന്‍പാട്ട് അനുമതിയില്ലാതെ സിനിമയിലേക്ക് ഉപയോഗിച്ചു, എ.ആര്‍.എമ്മിനുവേണ്ടി തങ്ങളെ കബളിപ്പിച്ച് പാട്ട് കൈക്കലാക്കിയത് കാസര്‍കോട് സ്വദേശി” ആരോപണവുമായി ബാന്‍ഡ് അംഗങ്ങള്‍


കൊയിലാണ്ടി: കൊയിലാണ്ടിയിലെ മെലോമാനിയാക് ബാന്‍ഡ് ചിട്ടപ്പെടുത്തി സ്റ്റേജില്‍ അവതരിപ്പിച്ച ഭൈരവന്‍ പാട്ട് അവരുടെ അനുമതിയില്ലാതെ സിനിമയിലേക്ക് ഉപയോഗിച്ചതായി ആരോപണം. ടൊവിനോ നായകനായ എ.ആര്‍.എം എന്ന ചിത്രത്തില്‍ ഭൈരവന്‍പാട്ട് ഉപയോഗിച്ചതിനെതിരെയാണ് മെലോമാനിയാക് ബാന്‍ഡ് രംഗത്തുവന്നിരിക്കുന്നത്. കാസര്‍കോട് സ്വദേശിയായ സതീശന്‍ വെളുത്തോളിയെന്ന നാടന്‍പാട്ട് കലാകാരനെതിരെയാണ് ആരോപണം.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുനല്‍കാന്‍ എന്നു പറഞ്ഞ് തങ്ങളെ കബളിപ്പിച്ച് ഈ പാട്ടും ട്യൂണും കൈക്കലാക്കിയ ഇയാള്‍ മെലോമാനിയാക് ടീമിന്റെ അനുമതിയില്ലാതെ സിനിമയ്ക്കായി ഈ പാട്ട് നല്‍കുകയായിരുന്നെന്ന് ബാന്‍ഡ് അംഗമായ മിഥുന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടനെ സിനിമയിലെ അണിയറ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നു. സതീശന്‍ വെളുത്തോളിയാണ് ഈ പാട്ട് നല്‍കിയതെന്ന് അവരില്‍ നിന്നാണ് അറിഞ്ഞതെന്നും മിഥുന വ്യക്തമാക്കി.

മെലോമാനിയാക് ടീമിന്റെ പരിശീലകനും നാടന്‍പാട്ട് കലാകാരനുമായ രാജീവനാണ് പലയിടങ്ങളില്‍ നിന്നായി ഭൈരവന്‍പാട്ടിന്റെ വരികള്‍ ശേഖരിക്കുകയും സിനിമയില്‍ കാണുന്ന രീതിയില്‍ ട്യൂണ്‍ ചെയ്ത് ചിട്ടപ്പെടുത്തുകയും ചെയ്തതെന്നും ഇവര്‍ പറയുന്നു. 2018ല്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാന തലത്തില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയതാണ് ഭൈരവന്‍പാട്ട്. 2022 കോഴിക്കോട് മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളിലും സംസ്ഥാന തലത്തില്‍ ഈ പാട്ട് സമ്മാനം നേടിയിരുന്നു.

ഭൈരവന്‍പാട്ടിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ മെലോമാനിയാക് ബാന്‍ഡുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചതാണെന്നാണ് തങ്ങള്‍ക്ക് മനസിലായത്. ഇതിനുവേണ്ടി സതീശന്‍ വെളുത്തോളിയുടെ സഹായം തേടി. മെലോമാനിയാക് ബാന്‍ഡ് അംഗങ്ങള്‍ വിദ്യാര്‍ഥികളാണെന്നും പഠനാവശ്യത്തിനായി പലയിടങ്ങളിലാണെന്നും പറഞ്ഞ് ഇയാള്‍ പാട്ടും ട്യൂണും അവര്‍ക്കും നല്‍കുകയും അയാള്‍ പരിശീലിപ്പിച്ച കുട്ടികളെക്കൊണ്ട് അത് പാടിപ്പിച്ച് സിനിമയിലേക്ക് ഉപയോഗിച്ചതാണെന്നുമാണ് അറിഞ്ഞതെന്നും മിഥുന വ്യക്തമാക്കി.

ഭൈരവന്‍പാട്ടും ട്യൂണും അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ നിയമപരമായി നീങ്ങാനാണ് തീരുമാനമെന്നും പാട്ട് ചിട്ടപ്പെടുത്തിയ രാജീവന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അടുത്തുദിവസം തന്നെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Summary: Koyilandy melomaniac team allegation against arm song