മൂന്നാം തവണയും കൂരാച്ചുണ്ട് സ്വദേശി മനോജിന്റെ വീടിനെ വിടാതെ പ്രകൃതി ക്ഷോഭം; ഇത്തവണ മേല്‍ക്കൂരയ്‌ക്കൊപ്പം ചുവരും തകര്‍ന്നു; പ്രായപൂര്‍ത്തിയായ മക്കളെയും കൊണ്ട് എങ്ങുപോകുമെന്നറിയാതെ കുടുംബം


കൂരാച്ചുണ്ട്: സിമന്റ് കട്ടകൊണ്ട് കെട്ടിയ കൂരയ്ക്കുമേല്‍ താര്‍പ്പായ ഇട്ട വീട്ടിലാണ് രണ്ട് മൂന്ന് വര്‍ഷമായി കൂരാച്ചുണ്ട് മണ്ടോപ്പാറ തുള്ളിക്കണ്ടി മനോജും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ബുധനാഴ്ചത്തെ കാറ്റിലും മഴയിലും ആ കൂരയ്ക്കുമേല്‍ തെങ്ങ് വീണതോടെ സുരക്ഷിതമെന്ന് പറയാനാകെയുണ്ടായിരുന്ന ആ ഭിത്തിയും ഇടിഞ്ഞുതകര്‍ന്നു. ഇനി പ്രായപൂര്‍ത്തിയായ മക്കളെയും കൊണ്ട് എങ്ങനെ ഇവിടെ കഴിയും എന്ന ആധിയിലാണ് തങ്ങളെന്ന് മനോജിന്റെ ഭാര്യ സുധ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഇത് മൂന്നാംതവണയാണ് പ്രകൃതി ക്ഷോഭം മനോജിന്റെ വീടിനെ അപകടത്തിലാക്കുന്നത്. 2019ല്‍ ഒരുമാസത്തിനിടെ രണ്ടുതവണയാണ് പ്രകൃതിക്ഷോഭം മനോജിന്റെ വീടിനെ തകര്‍ത്തത്. മേല്‍ക്കൂര ഇന്റസ്ട്രി വര്‍ക്ക് ചെയ്ത് ഷീറ്റ് ഇട്ടതായിരുന്നു. 2019ലുണ്ടായ കാറ്റില്‍ ഷീറ്റ് മുഴുവന്‍ പാറിപ്പോയി. അതോടെ സ്വന്തം ചെലവില്‍ വീണ്ടും അറ്റകുറ്റപ്പണി നടത്തി പഴയ ഷീറ്റുകള്‍ പുനസ്ഥാപിച്ചു. ദിവസങ്ങള്‍ക്കകം അതും തകര്‍ന്നു. ഒരു വഴിയുമില്ലാതായതോടെ താര്‍പ്പായ കെട്ടി ചോരാതെ കഴിയുകയായിരുന്നു ഇവര്‍. ഇതിനു മുകളിലാണ് കഴിഞ്ഞദിവസം തെങ്ങ് വീണത്. അതോടെ മേല്‍ക്കൂരയും, ഭിത്തിയും ജനാലയുമൊക്കെ തകര്‍ന്നു.

ഭിത്തിക്ക് കേടുപാട് പറ്റാത്ത ഒരുമുറിയില്‍ ഷീറ്റ് വലിച്ചിട്ട് അനുള്ളിലാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. വരുന്ന മഴക്കാലം എങ്ങനെ കഴിച്ചുകൂട്ടുമെന്ന പേടിയുണ്ട്.

2009ല്‍ സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതിയായ ഐ.എ.വൈ പ്രകാരം അനുവദിച്ച 75000 രൂപയ്ക്കാണ് മനോജ് വീട് നിര്‍മ്മാണം തുടങ്ങിയത്. 2016ല്‍ അവസാന ഗഡു വാങ്ങി പണി പൂര്‍ത്തീകരിച്ചു. വീട് പുനര്‍നിര്‍മാണം നടത്താന്‍ ഗ്രാമപഞ്ചായത്തിന്റെ ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കുകയും വീട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു പദ്ധതിയില്‍ നിന്നും ധനസഹായം ലഭിച്ചു കഴിഞ്ഞാല്‍ 12 വര്‍ഷം കഴിഞ്ഞ് മാത്രം വീണ്ടും ഭവനനിര്‍മാണ സഹായം ലഭിക്കുകയുള്ളൂവെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നതെന്ന് സുധ പറയുന്നു.

കുറച്ചുകാലം മുമ്പ് കലക്ടറെ ചെന്നുകണ്ട് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനോജും കുടുംബവും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ തീരുമാനമായിട്ടില്ല. കലക്ടറെ ചെന്നുകണ്ട് വീണ്ടും കാര്യം പറഞ്ഞുനോക്കാമെന്ന് കഴിഞ്ഞദിവസം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് വീട്ടില്‍ വന്ന് ഉറപ്പു നല്‍കിയിരുന്നു. അതിലാണ് കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ.

തെങ്ങ് കയറ്റത്തൊഴിലാളിയാണ് മനോജ്. മക്കളില്‍ മൂത്തയാള്‍ പ്ലസ് ടുവിനും രണ്ടാമത്തെയാള്‍ പത്താം ക്ലാസിലും പഠിക്കുകയാണ്. അപകടാവസ്ഥയിലായ വീട്ടില്‍ മക്കളെ തനിച്ചാക്കി തൊഴിലുറപ്പിനുപോലും പോകാന്‍ ധൈര്യമില്ലാത്ത അവസ്ഥയാണിപ്പോഴെന്നാണ് സുധ പറയുന്നത്.