കടലിലെ രാജാവിന്‌ ജീവിതം തിരികെ കൊടുത്ത പതിമൂന്ന് പേര്‍; കണ്ണന്‍കടവിന്റെ ചുണക്കുട്ടികള്‍ക്ക്‌ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ആദരം


ചേമഞ്ചേരി: കണ്ണൻകടവ് അഴീക്കൽ തീരത്ത് കരയ്ക്കടിഞ്ഞ കൂറ്റൻ നീല തിമിംഗലത്തിന് രക്ഷകരായ മത്സ്യത്തൊളിലാളികള്‍ക്ക് ആദരം. അഴിമുഖത്തിന് സമീപം മൺതിട്ടയിൽ അകപ്പെട്ട അഞ്ചര മീറ്റർ നീളമുള്ള തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് രക്ഷപ്പെടുത്തിയ പ്രദേശവാസികളായ പരീക്കണ്ടി പറമ്പിൽ രാജീവൻ, രഞ്ജിത്ത്, ഷൈജു, വിഷ്ണു, സജിത്‌ലാൽ, സുധീർ, രോഹിത്ത്, വിപിൻ, ഷിജു, അരുൺ, ലാലു, രജീഷ്, ഹരീഷ് എന്നിവരെയാണ്‌ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആദരിച്ചത്‌.

ആഗസ്ത് 28നായിരുന്നു കണ്ണൻ കടവ് അഴീക്കൽ തീരപ്രദേശത്ത് രാവിലെയോടെ തിമിംഗലത്തെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും കണ്ടത്‌. വേലിയേറ്റ സമയത്ത് കരയോട് ചേർന്ന മൺതിട്ടയിൽ കുടുങ്ങിയ നിലയിലായിരുന്ന തിമിംഗലത്തെ സാഹസികമായി മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തിരികെ അയക്കുകയായിരുന്നു. 13 മത്സ്യത്തൊഴിലാളികള്‍ ഏതാണ്ട് രണ്ടര മണിക്കൂര്‍ എടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

കൊയിലാണ്ടി കണ്ണന്‍കടവ് അഴീക്കല്‍ ഭാഗത്ത് തിമിംഗലം കുടുങ്ങി; മണിക്കൂറുകള്‍ക്കുള്ളില്‍ തിമിംഗലത്തെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികള്‍

പഞ്ചായത്തിന്റെ കീഴിലുള്ള ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പഞ്ചായത്ത് ഹാളില്‍ ഇന്നലെ വൈകുന്നേരം 3മണിക്ക് സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. മഞ്ജു കെ.പി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ, വൈസ് പ്രസിഡന്റ് എം.ഷീല സ്ഥിരം സമിതി അധ്യക്ഷന്മാരായ സന്ധ്യ ഷിബു, വി.കെ അബ്ദുൽ ഹാരിസ്, അതുല്യ ബൈജു, വിജയൻ കണ്ണഞ്ചേരി, കെ.പി ഉണ്ണിഗോപാലന്‍ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Description: Chemancherry Grama Panchayat's tribute to the rescuers of the whale