ബസുകളുടെ സമയക്രമത്തെ ചൊല്ലി തര്‍ക്കം; പയ്യോളി ബസ് സ്റ്റാന്റില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാര്‍


പയ്യോളി: പയ്യോളി ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി. പേരാമ്പ്ര -പയ്യോളി -വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിയേഴ്‌സ്, പാറക്കല്‍ ബസ്സുകളിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ബസ് ജീവനക്കാരായ അഞ്ച് പേര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു. ഇരു ബസുകളുടെയും സമയക്രമവുമായി ബന്ധപ്പെട്ട വിഷയമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

 

ഡിയേഴ്‌സ്, പാറക്കല്‍ ബസ്സുകള്‍ സ്റ്റാന്റില്‍ എത്തിയതോടെ ബസിന്റെ സമയവുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഡിയേഴ്‌സ് ബസിലെ ജീവനക്കാരന്‍ പാറക്കല്‍ ബസിന്റെ താക്കോല്‍ ഊരിയെടുത്തു. ഇതോടെ ജീവനക്കാര്‍ തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് പോലീസെത്തി ജീവനക്കാരെ കസ്‌റ്റെഡിയിലെടുക്കുകയായിരുന്നു. ജീവനക്കാര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.