മത സൗഹാര്‍ദത്തിന് വീണ്ടും മാതൃകയായി മന്ദമംഗലം സ്വാമിയാർകാവ് ക്ഷേത്ര പരിസരം; പാറപ്പള്ളിയിൽ നിന്നുള്ള നബിദിന റാലിക്ക്‌ ഊഷ്മള വരവേൽപ്പ്, വീഡിയോ കാണാം


കൊയിലാണ്ടി: കൊല്ലം ഖിദ്മത്തുല്‍ ഇസ്ലാം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിന റാലിക്ക് മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്ര പരിസരത്ത് മതസാഹോദര്യത്തിന്റെ മധുരം വിളമ്പി നാട്ടുകാരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും.
മദ്‌റസ ഉസ്താദുമാര്‍, ഭാരവാഹികള്‍, കുട്ടികള്‍ എന്നിവരടക്കം ഇരൂന്നൂറിലധികം വരുന്നവര്‍ക്ക് ലഡുവും ഐസ്‌ക്രീമും നല്‍കിയാണ് റാലിയെ സ്വീകരിച്ചത്. പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിലാണ്‌ പരിപാടി സംഘടിപ്പിച്ചത്.

പാറപ്പള്ളിയില്‍ നിന്ന് ആരംഭിച്ച റാലിയ്ക്ക് മന്ദമംഗലം ബീച്ചില്‍ ചേരിക്കുഴിയില്‍ സ്വാമിയാര്‍ക്കാവ് ക്ഷേത്രത്തിനടുത്ത് വെച്ചാണ് വരവേല്‍പ് നല്‍കിയത്‌. ഏഴ്‌ വര്‍ഷമായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് നബിദിന റാലിക്ക് ഇവിടെ മധുരം നല്‍കി വരുന്നുണ്ട്‌. കൊറോണക്കാലത്ത് താൽക്കാലികമായി അത് തടസ്സപ്പെട്ടെങ്കിലും വീണ്ടും കൂടുതല്‍ ഉഷാറോടെ പരിപാടി പുനരാരംഭിക്കുകയായിരുന്നു.

ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പരിപാടിയില്‍ നാട്ടുകാരും സജീവമാണ്. നബിദിന ആഘോഷങ്ങള്‍ക്ക് ശേഷം പള്ളിയില്‍ നിന്നും നേര്‍ച്ച ഭക്ഷണം സ്വാമിയാര്‍കാവ് ക്ഷേത്ര കമ്മിറ്റിക്കാര്‍ക്ക്‌ തിരിച്ച് എത്തിക്കാറുണ്ട്‌. മധുരം കഴിച്ചതിന് ശേഷം അല്‍പനേരം കലാപരിപാടികള്‍ അവതരിപ്പിച്ചതിന് ശേഷമാണ് റാലി ഇവിടെ നിന്നും തിരിച്ചു പോകാറുള്ളത്.

മുമ്പ് ക്ഷേത്രാത്സവത്തിനിടെ സ്വാമിയാര്‍കാവ് ക്ഷേത്രത്തില്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചിരുന്നു. ജാതി-മത ഭേദമന്യേ നിരവധി പേരാണ് അന്ന് പരിപാടിയില്‍ പങ്കെടുത്തത്. മാത്രമല്ല ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും പ്രദേശത്തെ ഇതര മതസ്ഥരും സ്ഥിരമായി സഹായിക്കാറുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു.

ആഘോഷപരിപാടികളെ പരസ്പര സഹകരണത്തോടെ കൊണ്ടാടുന്നത് ഈ പ്രദേശത്തുകാരുടെ പതിവാണ്. ഇഫ്താര്‍ സമയത്ത് കൊല്ലം പാറപ്പള്ളിയിലേക്ക് പഴവര്‍ഗങ്ങള്‍ നല്‍കുന്ന പതിവുണ്ട് ഇവിടുത്തുകാര്‍. അതുപോലെ കൊല്ലം പിഷാരികാവ് കാളിയാട്ട വേളയില്‍ സ്വാമിയാര്‍ കാവിലേക്ക് പാറപ്പള്ളി നിവാസികള്‍ അരി സംഭാവന നല്‍കാറുമുണ്ട്.

Description: Mandamangalam Swamiyarkav Temple once again set an example for religious harmony