ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: അറുപതു ദിവസം പിന്നിട്ട് അനിശ്ചിതകാല സമരം


കുറ്റ്യാടി: ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം അറുപത് ദിവസം പിന്നിട്ടു. നിക്ഷേപകരുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും സര്‍വ്വകക്ഷി സമരസഹായ സമിതിയുടെയും നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ട് മാസമായി സമരം തുടരുന്നത്. അറുപത്തിയൊന്നാം ദിവസം നടന്ന സമരം സമരസമിതി ചെയര്‍മാന്‍ ശ്രീജേഷ് ഊരത്ത് ഉത്ഘാടനം ചെയ്തു.

സി.എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പാവപ്പെട്ടവരുടെ നിക്ഷേപം തട്ടിയെടുത്ത് മാന്യന്മാരായി അധിക കാലം വിലസമെന്ന ധാരണ മുതലാളിമാര്‍ ഒഴിവാക്കണമെന്നും എന്ത് വിലകൊടുത്തും നിക്ഷേപകരുടെ പണവും സ്വര്‍ണവും തിരിച്ചു പിടിക്കുമെന്നും പ്രാസംഗികര്‍ പറഞ്ഞു.

സമരസമിതി കണ്‍വീനര്‍ എം.എം റഷീദ്, ടി.കെ ബിജു, പുഞ്ചന്‍ കണ്ടി മഹബൂബ്, പി.സി രവീന്ദ്രന്‍, വള്ളില്‍ ശ്രീജിത്ത്, എന്‍.സി കുമാരന്‍, ഹാഷിം നമ്പാടന്‍, സബിന മോഹന്‍, ഇ.എ റഹ്‌മാന്‍ കരണ്ടോട്, ജിറാഷ് പി, സലാം മാപ്പിളാണ്ടി എന്നിവര്‍ സംസാരിച്ചു.