നാട്ടിലെ നീന്തല്‍ക്കുളത്തുനിന്നും നാടിന്റെയും രാജ്യത്തിന്റെയും അതിര് കടന്ന് കുതിക്കുകയാണ് നാരായണന്‍ നായര്‍; കൊയിലാണ്ടി സ്വദേശി നീന്തിക്കയറിയത് രാജ്യാന്തര സ്വര്‍ണ്ണത്തിളക്കത്തിലേയ്ക്ക്


കൊയിലാണ്ടി: നാട്ടിലെ ക്ഷേത്ര കുളത്തില്‍ നിന്ന് നാരായണന്‍ നായര്‍ നീന്തി കയറിയത് രാജ്യാന്തര സ്വര്‍ണ്ണത്തിളക്കത്തിലേയ്ക്ക്. നേപ്പാളിലെ പൊഖാറയില്‍ നടന്ന എസ്.ബി.കെ.എഫ് അന്താരാഷ്ട്ര നീന്തല്‍ മത്സരത്തില്‍ എഴുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ മൂന്നിനങ്ങളിലാണ് കൊയിലാണ്ടി പെരുവട്ടൂര്‍ ശ്രീ രജ്ഞിനിയില്‍ നാരായണന്‍ നായര്‍ സ്വര്‍ണത്തിളക്കത്തോടെ ചരിത്ര വിജയം നേടിയത്.

നൂറ് മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, 100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നിവയിലാണ് സ്വര്‍ണ നേട്ടം.
ഗോവയില്‍ നടന്ന ദേശീയ മത്സരത്തില്‍ നൂറ് മീറ്റര്‍ ബാക്ക് സ്‌ട്രോക്കിന് സ്വര്‍ണവും 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നിവയ്ക്ക് വെള്ളിയും നേടിയിരുന്നു.

കുട്ടിക്കാലം മുതലെ നീന്തി തുടങ്ങിയ നാരായണന്‍ നായര്‍ വാര്‍ധക്യകാലത്താണ് സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത്. പന്തലായിനിയിലെ അഘോര ശിവക്ഷേത്രത്തിലെ കുളത്തിലായിരുന്നു നീന്തലിന്റെ തുടക്കം. ഇപ്പോള്‍ പതിവായി പരിശീലനം നടത്തുന്നത് പിഷാരികാവ് ക്ഷേത്രത്തോടനുബന്ധിച്ച കൊല്ലം ചിറയിലാണ്. ഇവിടെ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്കി വരുന്നുമുണ്ട്.

ജില്ലാ – സംസ്ഥാന-ദേശീയ തലങ്ങളിലെ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത നാരായണന്‍ നായര്‍ ഏറ്റവും കൂടുതല്‍ ദൂരം കുറഞ്ഞ സമയം കൊണ്ട് നീന്തി കയറിയത് പെരിയാറിലാണ്. ഈ വര്‍ഷം ഏപ്രിലില്‍ പെരിയാറില്‍ രണ്ട് കിലോമീറ്റര്‍ ദൂരം നീന്തി ഫിനിഷ് ചെയ്തത് ഒരു മണിക്കൂറും ഇരുപത് മിനുറ്റും 39 സെക്കന്റും കൊണ്ടായിരുന്നു. 2 മണിക്കൂര്‍ ആയിരുന്നു സമയ പരിധി.

എല്ലാ പ്രായക്കാരും ഒരുപോലെ പങ്കെടുത്ത ഈ നീന്തലില്‍ യുവാക്കള്‍ക്ക് വരെ വെല്ലുവിളി ഉയര്‍ത്തിയായിരുന്നു നാരായണന്‍ നായരുടെ പ്രകടനം. മുബൈയില്‍ കടലില്‍ ആറ് കിലോമീറ്റര്‍ നീന്തലില്‍ പങ്കെടുക്കലാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് നാരായണന്‍ നായര്‍ പറഞ്ഞു. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപം ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണ് ഈ നീന്തല്‍ താരം.

Summary: The native of Koyilandy swam to international gold