ദേശീയപാത പ്രവൃത്തിയുടെ മറവില്‍ വാഗാഡ് കമ്പനി നിയമവിരുദ്ധമായി ക്വാറി ഉല്പന്നങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കടത്തുന്നു; പയ്യോളിയില്‍ വാഹനം തടഞ്ഞ് നാട്ടുകാര്‍, സ്ഥലത്ത് പ്രതിഷേധം
കീഴരിയൂര്‍: തങ്കമല ക്വാറിയില്‍ നിന്നും വാഗാഡ് കൊണ്ടുപോകുന്ന ക്വാറി ഉല്പന്നങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുവില്‍ക്കുന്നത് തടഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയ്ക്കായി ക്വാറി ഉല്പന്നങ്ങള്‍ കൊണ്ടുപോകുന്നുവെന്നതിന്റെ മറവില്‍ ഉല്പന്നങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് എത്തിച്ചുനല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്.
പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ.അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍, വിവിധ ജനപ്രതിനിധികള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പയ്യോളിയി കോണ്‍ക്രീറ്റ് മിക്‌സുമായെത്തിയ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചത്. പയ്യോളി ബിസ്മി നഗറില്‍ സ്വകാര്യ വ്യക്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇവിടെ നിന്നും ഉല്പന്നങ്ങള്‍ കടത്തിയതെന്ന് വി.കെ.അബ്ദുറഹ്‌മാന്‍ പറഞ്ഞു.
ദേശീയപാത നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ എന്ന പേരിലാണ് തങ്കമല ക്വാറിയില്‍ നിന്നും ക്വാറി ഉല്പന്നങ്ങള്‍ കൊണ്ടുപോകുന്നതെന്ന് സി.പി.എം പയ്യോളി എരിയ സെക്രട്ടറി എം.പി.ഷിബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാലിവിടെ ദേശീയപാത നിര്‍മ്മാണം മന്ദഗതിയിലാണ് നടക്കുന്നത്. അത് മാത്രമല്ല, അവിടേക്കെന്ന് പറഞ്ഞ് വലിയ തോതില്‍ ക്വാറി ഉല്പന്നങ്ങള്‍ സ്വകാര്യ വ്യക്തികളുമായി കരാര്‍ ഉറപ്പിച്ച് നല്‍കുകയാണെന്നും ഇതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടുകാരടക്കം ഇപ്പോഴും പ്രതിഷേധവുമായി സ്ഥലത്തുണ്ട്. സ്ഥലം എം.പി ഷാഫി പറമ്പില്‍ സന്ദര്‍ശിച്ചു. എത്രയും പെട്ടെന്ന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി.ഷിബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍, മഠത്തില്‍ അബ്ദുറഹ്‌മാന്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും ജനപ്രതിനിധികളും പ്രതിഷേധ രംഗത്തുണ്ടായിരുന്നു.
Summary: Locals block wagad vehicle and protest at Thangamala Quarry