പഠിച്ചുയരാന്‍ ചേര്മലയിലെ വിദ്യാര്‍ഥികള്‍ക്ക് തുണയായി കെ.എസ്.ടി.എം; എട്ടു വിദ്യാര്‍ഥികളുടെ പ്ലസ് ടു പഠനത്തിന് സൗകര്യമൊരുക്കും
പേരാമ്പ്ര: ചേര്മല സാംബവ കോളനിയില്‍ പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് തുണയായി കേരള ടീച്ചേഴ്സ് മൂവ്മെന്റ്. പത്താംതരം പാസായി പഠനം നിര്‍ത്തിയ എട്ടു വിദ്യാര്‍ഥികളുടെ പ്ലസ് ടു പഠനത്തിനാണ് സംഘടന സൗകര്യമൊരുക്കുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ എന്‍.ഐ.ഒ.എസ് പ്ലസ്ടു കോഴ്സില്‍ പ്രവേശനം വാങ്ങിക്കൊടുത്ത് പഠിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലമായി ജാതിവിവേചനം അനുഭവിക്കുന്ന പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളില്‍ മറ്റു സമുദായത്തിലെ കുട്ടികളെ ചേര്‍ത്തുകൊണ്ട് കെ.എസ്.ടി.എം 2019ല്‍ ഓപറേഷന് രോഹിത് വെമുല എന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പഠനം മുടങ്ങിയ വിദ്യാര്‍ഥികളെ സഹായിക്കാനുള്ള പദ്ധതി വരുന്നത്.
പദ്ധതി വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന അധ്യക്ഷ ജബീന ഇര്‍ഷാദ് നിര്‍വഹിച്ചു. ചരിത്രത്തിലാദ്യമായി പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളില്‍ നിന്നും എല്‍.എസ്.എസ് നേടിയ യാസീന്‍ സാജിനും ചെറിയ മാര്‍ക്കിന് എല്‍.എസ്.എസ് നഷ്ടമായ ചേര്മല കോളനിയിലെ പാര്‍വതിക്കും കെ.എസ്.ടി.എം പ്രതിനിധി എം.ടി അഷ്റഫും ജബീന ഇര്‍ഷാദും ഉപഹാരം നല്കി.
ശശീന്ദ്രന് കൊയിലാണ്ടി അധ്യക്ഷനായിരുന്നു. വി.കെ റഷീദ്, ഇ.ടി.ഐ കോളേജ് പ്രിന്‍സിപ്പല്‍ റാഷിദ്, അധ്യാപികമാരായ നീതു, ദിവ്യ, വിദ്യാര്‍ഥി പ്രതിനിധികളായ ദുര്‍ഗ, പവിത്ര എന്നിവര്‍ സംസാരിച്ചു.