വീട്ടുജോലിക്കാരെ അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടും തട്ടിപ്പ്; ഫാറൂഖ് കോളേജ് സ്വദേശിയ്ക്ക് പണം നഷ്ടമാകാതിരുന്നത് തന്ത്രപരമായി ഇടപെട്ടതിനാല്‍


കോഴിക്കോട്: വീട്ടുജോലിക്കാരെ നല്‍കാമെന്ന് വിശ്വസിപ്പിച്ചും തട്ടിപ്പ്. ഫാറൂഖ് കോളേജ് സ്വദേശിയില്‍ നിന്നും ഇത്തരത്തില്‍ 5000 രൂപയാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്.

സംഭവം ഇങ്ങനെ. വീട്ടുജോലിക്ക് ആളെ അന്വേഷിച്ച് സുലേഖ. കോം എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജോലിക്ക് ആളുണ്ടെന്ന് പറഞ്ഞ് കുറച്ചുദിവസം മുമ്പ് ഒരാള്‍ വിളിച്ചു. ഫാറൂഖ് കോളേജിന് സമീപമുള്ള രാമനാട്ടുകര സ്വദേശിയാണ് ജോലിക്ക് തയ്യാറുള്ളതെന്നും ദിവസം രണ്ടുമണിക്കൂര്‍ ജോലി ചെയ്യുമെന്നും അറിയിച്ചു.

പാചകം, അലക്ക്, ശുചീകരണം തുടങ്ങി എല്ലാ ജോലിയും ചെയ്യിക്കാമെന്നും 200 രൂപ പ്രതിഫലമായി നല്‍കിയാല്‍ മതിയെന്നും അറിയിച്ചു. താല്‍പര്യമുണ്ടെങ്കില്‍ ഫോണ്‍ നമ്പര്‍ നല്‍കാമെന്നും പറഞ്ഞു. സമ്മതം പറഞ്ഞ വീട്ടുകാരോട് 5000 രൂപ അടക്കാന്‍ ആവശ്യപ്പെട്ടു. ആയിരം രൂപ സര്‍വ്വീസ് ചാര്‍ജും നാലായിരം രൂപ ജോലിക്കാരിയെ ഒഴിവാക്കുമ്പോള്‍ തിരികെ നല്‍കുമെന്നും അറിയിച്ചു. വീട്ടുകാര്‍ ഇതിന് സമ്മതം മൂളിയപ്പോള്‍ ഫോണിലേക്ക് പേരും അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും നല്‍കി അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ആവശ്യപ്പെട്ടു.

പണം കിട്ടിയാല്‍ ഉടന്‍ ജോലിക്ക് തയ്യാറുള്ള ആളുകളെ നമ്പര്‍ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ പണം അയക്കുന്നതിന് തൊട്ടുമുമ്പ് വിളിച്ച ആളുടെ തിരിച്ചറിയല്‍ കാര്‍ഡ് വീട്ടുകാര്‍ ആവശ്യപ്പെട്ടു. അതോടെ ഫോണ്‍ കട്ടാവുകയും ഉടനെ വാട്‌സ്ആപ്പ് ചാറ്റുകള്‍ മുഴുവന്‍ ഡിലീറ്റാക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ഓണ്‍ലൈനായി പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിയില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

സൈബര്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ഷാവര്‍ഷം കുത്തനെ ഉയരുകയാണ്. 2016ല്‍ 283 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്ത് 2021ല്‍ കേസുകള്‍ 955 ആയി വര്‍ധിച്ചു. 2022 ഫെബ്രുവരിയില്‍ മാത്രം 128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.