കുടുംബത്തോടൊപ്പം മനോഹരമായ പാട്ടുകള്‍ കേട്ട്‌ വൈകുന്നേരങ്ങള്‍ ഇനി കൂടുതല്‍ ഹാപ്പിയാക്കാം; കൊയിലാണ്ടി നഗരസഭയുടെ ഹാപ്പിനെസ് പാര്‍ക്ക് ഇന്ന് മുതല്‍


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ ഒരുക്കിയ ഹാപ്പിനെസ് പാര്‍ക്ക്‌ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജീവിതം സന്തോഷവും ആനന്ദകരവുമാക്കാന്‍ ഇത്തരത്തിലുള്ള ഹാപ്പിനെസ് പാര്‍ക്കുകള്‍ വരണമെന്ന് മന്ത്രി പറഞ്ഞു. നഗരവാസികള്‍ക്ക് സന്തോഷകരമായ സായാഹ്നങ്ങള്‍ ചെലവഴിക്കുന്നതിനായി സ്‌നേഹരാമങ്ങളും ഹാപ്പിനെസ്സ് പാര്‍ക്കുകളും നിര്‍മ്മിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊയിലാണ്ടിയില്‍ നഗരസഭ പാര്‍ക്ക് ഒരുക്കിയത്. നഗരസഭാ ഫണ്ടിനൊപ്പം കെ.എം രാജിവന്റെ (സ്റ്റീല്‍ ഇന്ത്യ) സഹായത്തോട് കൂടിയാണ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് സ്വാഗതം പറഞ്ഞു. നഗരത്തിനായി പാര്‍ക്ക് സമര്‍പ്പിച്ച കെ.എം രാജീവന് (സ്റ്റീല്‍ ഇന്ത്യ) മന്ത്രി ഉപഹാരം സമര്‍പ്പിച്ചു. വികസനകാര്യ ചെയര്‍പേഴ്‌സണ്‍ കെ.എ ഇന്ദിര, ക്ഷേമകാര്യ ചെയര്‍മാന്‍ കെ.ഷിജു, ആരോഗ്യ വിഭാഗം ചെയര്‍പേഴ്‌സണ്‍ പ്രജില സി, പൊതുമരാമത്ത് ചെയര്‍മാന്‍ ഇ.കെ അജിത്ത്, വിദ്യാഭ്യാസ വിഭാഗം ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, കണ്‍സിലര്‍മാരായ പി.രത്‌നവല്ലി, വി.പി ഇബ്രാഹിംകുട്ടി, കെ.കെ വൈശാഖ്, എ.ലളിത തുടങ്ങിയവര്‍ പങ്കെടുത്തു

പാര്‍ക്കില്‍ പ്രവേശനം സൗജന്യമാണ്. രാവിലെ എട്ടുമണിമുതല്‍ രാത്രി എട്ടുമണിവരെ പാര്‍ക്ക് പ്രവര്‍ത്തിക്കും. മുഴുവന്‍ സമയവും റേഡിയോയില്‍ മനോഹരമായ പാട്ടുകള്‍ കേട്ടിരിക്കാം. കുടിവെള്ള സൗകര്യവും ഇവിടെയൊരുക്കിയിട്ടുണ്ട്‌. ഫ്രീ വൈഫൈ, മൊബൈല്‍ ചാര്‍ജിങ് യൂണിറ്റ് തുടുങ്ങിയ സൗകര്യങ്ങളുമുണ്ടാകും. പാര്‍ക്കിലുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സാമൂഹ്യവിരുദ്ധരുടെ ശല്യമില്ലാതാക്കാനും സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത ഓടക്കുഴല്‍ സംഗീത വിദഗ്ധന്‍ എഫ് ടി രാജേഷ് ചേര്‍ത്തലയുടെ സംഗീതവിരുന്ന് അരങ്ങേറി.

Description: Inaugurated Happiness Park in Koyilandy city