ഫ്രീ ടൈം ഹാപ്പിയായിരിക്കാം; കൊയിലാണ്ടിയിലെ ഹാപ്പിനസ് പാര്‍ക്ക് ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ ഒരുക്കിയിട്ടുള്ള ഹാപ്പിനെസ്സ് പാര്‍ക്കിന്റെ ഉദ്ഘാടനം നാളെ വെെകീട്ട് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഹാപ്പിനെസ്സ് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഇവിടെ പ്രവേശിക്കാം. രാവിലെ എട്ടുമണിമുതല്‍ രാത്രി എട്ടുമണിവരെ പാര്‍ക്ക് പ്രവര്‍ത്തിക്കും. മുഴുവന്‍ സമയവും റേഡിയോയില്‍ മനോഹരമായ പാട്ടുകള്‍ കേട്ടിരിക്കാം.

കുടിവെള്ള സൗകര്യവും ഇവിടെയൊരുക്കും. ഫ്രീ വൈഫൈ, മൊബൈല്‍ ചാര്‍ജിങ് യൂണിറ്റ് തുടുങ്ങിയ സൗകര്യങ്ങളുമുണ്ടാകും. പാര്‍ക്കിലുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സാമൂഹ്യവിരുദ്ധരുടെ ശല്യമില്ലാതാക്കാനും സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് 5 മണി മുതല്‍ പ്രശസ്ത ഓടക്കുഴല്‍ സംഗീത വിദഗ്ധന്‍ എഫ് ടി രാജേഷ് ചേര്‍ത്തലയുടെ സംഗീതവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.