നവവരന്റെ മരണത്തിന് ഇടയാക്കിയ സ്ഥലം സ്ഥിരം അപകടമേഖല: ജാനകിക്കാട് മേഖലയില്‍ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുത്, നടപടിവേണമെന്ന ആവശ്യവുമായി നാട്ടുകാര്‍
കുറ്റ്യാടി: കടിയങ്ങാട് കുളക്കണ്ടത്തില്‍ രജിലാല്‍ ഒഴുക്കില്‍പ്പെട്ടത് സ്ഥിരം അപകടമേഖലയില്‍. മുമ്പും പലതവണ ഇവിടെ അപകടമുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ നിന്ന് ഒഴുകിയെത്തുന്ന മുത്താട്ട് പുഴയുടെ സംഗമ സ്ഥലമായ ഇവിടെ ചുഴിയും അടിയൊഴുക്കുമുണ്ട്. ഇത് പുറമെ നിന്നെത്തുന്ന ആളുകളുടെ ശ്രദ്ധയില്‍പ്പെടാറില്ല.
പുറമേ ശാന്തമായ പുഴയില്‍ ഏത് സമയവും വെള്ളം ഉയരുകയും ഒഴുക്ക് വ്യത്യാസപ്പെടുകയും അടിയൊഴുക്ക് ശക്തമാവുകയും ചെയ്യാറുണ്ട്. ഉരുളന്‍ കല്ലുകളും ചുഴികളും നിറഞ്ഞ ഇവിടെ അപകട സൂചന നല്‍കുന്ന അടയാളങ്ങളോ ആവശ്യത്തിന് ടൂറിസ്റ്റ് ഗൈഡുകളോ വൈദ്യുതി വെളിച്ചമോ ഇല്ലെന്ന പരാതിയുമുണ്ട്.
അടിക്കടിയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷാ സംവിധാനമൊരുക്കണമെന്നും ആവശ്യത്തിന് ടൂറിസ്റ്റ് ഗൈഡുകളെ നിയമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതിനിടെ, അപകടത്തില്‍പ്പെട്ട് മരിച്ച രജിലാലിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ സംസ്‌കരിക്കും. രജിലാലിനൊപ്പം പുഴയില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഭാര്യ കനികയെ ഇന്നലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പാലേരിയിലെ ബന്ധുവീട്ടിലാണ് കനികയിപ്പോള്‍.