കൊയിലാണ്ടിയ്ക്ക് അഭിമാനമായി മുചുകുന്ന് സ്വദേശിയായ ‘ജിമ്മന്‍’; നാച്വറല്‍ മിസ്റ്റര്‍ കേരള 2024 കൊടുങ്ങല്ലൂരില്‍ ഒന്നാമതെത്തി അരുണ്‍കുമാര്‍


കൊയിലാണ്ടി: കൊയിലാണ്ടിയുടെ അഭിമാനമാകുകയാണ് മുചുകുന്ന് സ്വദേശിയായ അരുണ്‍കുമാറെന്ന ബോഡി ബില്‍ഡര്‍. നാച്വറല്‍ മിസ്റ്റര്‍ കേരള 2024 കൊടുങ്ങല്ലൂര്‍ എന്ന പദവിയാണ് ഇത്തവണ അരുണ്‍കുമാര്‍ നേടിയെടുത്തത്. നേരത്തെ മിസ്റ്റര്‍ സൗത്ത് ഇന്ത്യയില്‍ രണ്ടാം സ്ഥാനവും മിസ്റ്റര്‍ കാലിക്കറ്റ് പദവിയും അരുണ്‍ നേടിയിരുന്നു.

മുചുകുന്നില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന അരുണിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടങ്ങളെല്ലാം. ബോഡി ബില്‍ഡിങ് എന്നത് ഏറെ ആത്മസമര്‍പ്പണം വേണ്ട കാര്യമാണ്. ക്ഷമയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും വര്‍ഷങ്ങളോളം പരിശ്രമിച്ചാലേ ഈ നേട്ടത്തിലെത്താനാവൂ.

പത്തുവര്‍ഷത്തിലേറെയായി അരുണ്‍ തന്റെ ശ്രമങ്ങള്‍ തുടങ്ങിയിട്ട്. കൊയിലാണ്ടിയിലെ ഫിറ്റ്‌നസ് ടൈമിലെ പരിശീലകനായ ജീവനാണ് അരുണിനൊപ്പം കട്ടയ്ക്ക് കൂടെ നിലനില്‍ക്കുന്നത്. പുലര്‍ച്ചെ തുടങ്ങും പരിശീലനം. പകല്‍ സമയം ജോലിയ്ക്ക് പോകും. വൈകുന്നേരത്തോടെ വീണ്ടും ജിമ്മിലെത്തും. ഡിസംബറില്‍ നടക്കുന്ന മിസ്റ്റര്‍ സൗത്ത് ഇന്ത്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് അരുണിപ്പോള്‍.

കുട്ടിക്കാലം മുതലേ ബോഡി ബില്‍ഡിങ്ങിനോട് അരുണിന് ഏറെ താല്‍പര്യമുണ്ടായിരുന്നു. അങ്ങനെയാണ് ഈ രംഗത്തെത്തിയത്. പരിശീലനത്തിനും മറ്റു തയ്യാറെടുപ്പുകള്‍ക്കുമെല്ലാം കുടുംബവും ഒപ്പം നിന്നു. പുളിയഞ്ചേരിയിലെ നെല്ലൂളി അച്യുതന്റെയും ഇന്ദിരയുടെയും മകനാണ് അരുണ്‍കുമാര്‍.