കുറ്റ്യാടിപ്പുഴയില്‍ മുങ്ങി മരിച്ച നവവരൻ രജിലാലിന്റെ ശവസംസ്‌കാരം ഇന്ന്


പേരാമ്പ്ര: ഒരു നാടിനെയും കുടുംബത്തെയും സങ്കട കയത്തിലാഴ്ത്തിയ കടിയങ്ങാട് കുളക്കണ്ടത്തിൽ പഴുപ്പട്ട രജിലാലിൻറെ ശവസംസ്‌കാരം ഇന്ന്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിൽ കൊണ്ടുവരും. രാത്രിയോടെ ഗൾഫിലുള്ള ജ്യേഷ്ഠൻ രധുലാൽ എത്തുന്നതോടെ വീട്ടുവളപ്പിൽ സംസ്കരിക്കാനാണ് തീരുമാനം.

രജിലാലിനോടൊപ്പം പുഴയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഭാര്യ കനികയെ ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. തുടർന്ന് പാലേരിയിലെ ബന്ധു വീട്ടിലാണ് കനിക ഇപ്പോൾ. കനികയും രജിലാലിന്റെ അമ്മയും ഇതുവരെ മരണ വാർത്ത അറിഞ്ഞിട്ടില്ല.

ദാമ്പത്യ ജീ​വി​തം തു​ട​ങ്ങും മുൻപ് ത​ന്നെ വ​ര​നെ ത​ട്ടി​യെ​ടു​ത്ത വി​ധി​യു​ടെ ക്രൂ​ര​ത​യോ​ര്‍​ത്ത് ക​ണ്ണീ​ര്‍ പൊ​ഴി​ക്കു​ക​യാ​ണ് നാടും കുടുംബവും. ഇന്നലെ രാവിലെ പതിനൊന്നോടെയാണു നാടിനെ നടുക്കിയ അപകടം ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം കുറ്റ്യാടിപ്പുഴയിൽ സംഭവിച്ചത്. കുടുംബ സമേതം വിനോദ യാത്രക്കെത്തിയപ്പോൾ ഫോട്ടോയെടുക്കുന്നതിനിടെ കാലുതെന്നി ഒഴുക്കില്‍പ്പെട്ട് താഴ്ച്ചയുള്ള ഭാഗത്തേക്ക് കനികയും രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് രജിലാലും ഒഴുകി പോവുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ പ്രദേശത്ത് റോഡുപണിക്കായെത്തിയ ലോറിയിലെ ജീവനക്കാരാണ് ആദ്യം പുഴയിലേക്ക് ചാടി കനികയെ പുറത്തെടുത്തത്.

കനികയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുപതു മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിലാണ് രജിലാലിനെ കണ്ടെത്തി പുറത്തെത്തിക്കാനായത്. രജിലാലിനെ പന്തിരിക്കരയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.