ഫ്രീ ടൈം ഹാപ്പിയായിരിക്കാം, റേഡിയോ സംഗീതവും ഫ്രീ വൈഫൈയും അടക്കമുള്ള സൗകര്യങ്ങളോടെ; കൊയിലാണ്ടിയിലെ ഹാപ്പിനസ് പാര്‍ക്ക് സെപ്റ്റംബര്‍ രണ്ടിന് തുറക്കും


കൊയിലാണ്ടി: ഫ്രീ ടൈം കിട്ടുമ്പോള്‍ അല്പസമയം എവിടെയെങ്കിലും പോയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. ഇനി ദൂരെയൊന്നും പോകേണ്ട, കൊയിലാണ്ടി ടൗണില്‍ വരുന്നുണ്ട് ഹാപ്പിനസ് പാര്‍ക്ക്.

പഴയ ബസ് സ്റ്റാന്റിന് മുന്‍വശത്താണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. പാര്‍ക്ക് സെപ്റ്റംബര്‍ രണ്ട് തിങ്കളാഴ്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഇവിടെ പ്രവേശിക്കാം. രാവിലെ എട്ടുമണിമുതല്‍ രാത്രി എട്ടുമണിവരെ പാര്‍ക്ക് പ്രവര്‍ത്തിക്കും. മുഴുവന്‍ സമയവും റേഡിയോയില്‍ മനോഹരമായ പാട്ടുകള്‍ കേട്ടിരിക്കാം.

കുടിവെള്ള സൗകര്യവും ഇവിടെയൊരുക്കും. ഫ്രീ വൈഫൈ, മൊബൈല്‍ ചാര്‍ജിങ് യൂണിറ്റ് തുടുങ്ങിയ സൗകര്യങ്ങളുമുണ്ടാകും. പാര്‍ക്കിലുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സാമൂഹ്യവിരുദ്ധരുടെ ശല്യമില്ലാതാക്കാനും സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്കായി ഉല്ലാസ കേന്ദ്രം എന്ന നിലയിലാണ് പാര്‍ക്ക് വിഭാഗനം ചെയ്തിരിക്കുന്നതെങ്കിലും നഗരത്തില്‍ ചെറിയ തോതിലുള്ള പരിപാടികള്‍ക്കായി ഈ സ്ഥലം വിട്ടുനല്‍കാനും പദ്ധതിയുണ്ട്. ഇതിനായി നഗരസഭ തുക ഈടാക്കുന്നതായിരിക്കും. സ്‌പോണ്‍സര്‍ഷിപ്പിലാണ് ഈ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.  രാജീവ് (സ്റ്റീല്‍ ഇന്ത്യ) ആണ് പാര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പോണ്‍സർഷിപ്പില്‍ പാര്‍ക്കുകള്‍ ഒരുക്കാനാണ് നഗരസഭയുടെ പദ്ധതി. സിവില്‍ സ്‌റ്റേഷന് സമീപം അടുത്തുതന്നെ മറ്റൊരു പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ 90% പണികളും പൂര്‍ത്തിയായിട്ടുണ്ട്. ബസ് സ്റ്റാന്റിന്റെ തെക്കുഭാഗത്തും ഇത്തരമൊരു പാര്‍ക്ക് നിര്‍മ്മിക്കാന്‍ ആലോചനയുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് 5 മണി മുതൽ പ്രശസ്ത ഓടക്കുഴൽ സംഗീത വിദഗ്ധൻ എഫ് ടി രാജേഷ് ചേർത്തലയുടെ സംഗീതവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

Summary: Happiness park in koyilandy