ബാലുശ്ശേരി നന്മണ്ടയിൽ തൂങ്ങിമരിച്ച യുവാക്കൾ അയൽവാസികൾ; ഇരുവരുടെയും വിയോഗത്തിൽ വിറങ്ങലിച്ച് നാട്; മരണത്തിൽ ദുരൂഹത
വടകര: ബാലുശ്ശേരി നന്മണ്ടയിൽ ഇന്നലെ തൂങ്ങിമരിച്ച യുവാക്കൾ അയൽവാസികൾ. നന്മണ്ട സ്വദേശികളായ അഭിനന്ദ്, വിജീഷ് എന്നിവരാണ് മരണമടഞ്ഞത്. മരക്കാട്ട് ചാലില്‍ രാജന്റെയും പുഷ്പയുടെയും മകനാണ് അഭിനന്ദ് (27), മരക്കാട്ട് കൃഷ്ണന്‍കുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനാണ് വിജീഷ് (34). ഇരുവരുടേയും മരണ കാരണം ഇനിയും വ്യക്തമല്ല.
ഇന്നലെ രാവിലെയാണ് അഭിനന്ദിനെയും വിജീഷിനെയും തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഭിനന്ദ് വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് വീട്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് തൂങ്ങി മരിച്ചത്. വിജീഷ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോയി ഞായറാഴ്ച രാത്രിയാണു വീട്ടിലെത്തിയത്. അതിനുശേഷമാണ് വിജീഷിനെ വിറകുപുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഭിനന്ദ്, വയനാട് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ്. ഓട്ടോ ഡ്രൈവറായ വിജീഷ് ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓഡിനേഷന്‍ കമ്മറ്റി അംഗവുമായിരുന്നു. സഹോദരി: വിന്ധ്യ.