ജോലി സംബന്ധമായും മറ്റും നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത കേന്ദ്രം; എം.എല്‍.എ ഫണ്ടില്‍ നിന്നും കൊയിലാണ്ടി നഗരസഭയില്‍ ഷീലോഡ്ജിനായി ഒരു കോടി രൂപ


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ഷീ ലോഡ്ജ് കെട്ടിടത്തിനായി ഫണ്ട് അനുവദിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഒരുകോടി രൂപയാണ് ആദ്യഘട്ടമായി അനുവദിച്ചിട്ടുള്ളത്. ഷീലോഡ്ജിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത് നഗരസഭ ഹോമിയോ ആശുപത്രിയ്ക്ക് സമീപമാണ്.

ജോലി സംബന്ധമായും മറ്റും നഗരത്തിലെത്തുന്നവര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യങ്ങളാകും ഷീ ലോഡ്ജില്‍ ഒരുക്കുക. കൊയിലാണ്ടിയിലെത്തുന്ന സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സുരക്ഷയായ പാര്‍പ്പിടമൊരുക്കുകയെന്നതാണ് ലക്ഷ്യം. കൊയിലാണ്ടി നഗരസഭയുടെ നായന്ത്രണത്തിലായിരിക്കും ഷീലോഡ്ജ് പ്രവര്‍ത്തിക്കുക.

നിലവില്‍ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇനി സാങ്കേതിക അനുമതി ലഭിക്കേണ്ടതുണ്ട്. സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ഒന്നരമാസത്തിനുള്ളില്‍ കെട്ടിടത്തിന്റെ പണികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ട് കോടിയാണ് ഷീലോഡ്ജ് ഒരുക്കാനുള്ള പദ്ധതി. 2023-24 സാമ്പത്തിക വര്‍ഷത്തിലുള്‍പ്പെടുത്തിയാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.

Summary: A safe haven for women who come to the city for work and other purposes; 1 Crore from MLA Fund for She lodge in Koyilandy Municipality