ജല സുരക്ഷയിലേക്ക് തുറയൂര്‍ ഗ്രാമ പഞ്ചായത്ത്; ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി ജല ബജറ്റ് പുറത്തിറക്കി


തുറയൂര്‍: ഗ്രാമ പഞ്ചായത്ത്, ഹരിത കേരളം മിഷന്‍, സി.ഡബ്‌ള്യൂ.ആര്‍.ഡി.എമ്മിന്റെ നിര്‍വഹണ സഹായത്തോടെ നടപ്പിലാക്കിയ പഞ്ചായത്തുതല ജല ബജറ്റ് പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് ജല ബജറ്റ് പ്രകാശനം ചെയ്തു സംസാരിച്ചു.

ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി.പ്രസാദ് മുഖ്യാതിഥിയായി. ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളേയും അടിസ്ഥാനമാക്കി ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുകയാണ്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത്.

വാര്‍ഡ് മെമ്പര്‍മാരായ അബ്ദുള്‍ റസാഖ് കുറ്റിയില്‍, എ.കെ.കുട്ടികൃഷ്ണന്‍, ബി.എം.സി കണ്‍വീനര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുളളാട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കൃഷ്ണകുമാര്‍ സ്വാഗതവും ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം.പി.നിരഞ്ജന നന്ദിയും പറഞ്ഞു.

Summary: Water budget was released based on availability and utilization of water in Thurayur