ഒരുകാലത്ത് കൊയിലാണ്ടിയിലെ ഉത്സവപ്പറമ്പുകളും കല്ല്യാണവീടുകളിലും ഹരംകൊള്ളിച്ച ഗായകന്‍; മണ്‍മറഞ്ഞത് കൊയിലാണ്ടിക്കാരുടെ ഗാനഗന്ധര്‍വ്വന്‍, മണക്കാട് രാജന്റെ വിയോഗത്തില്‍ വിതുമ്പി നാട്


കൊയിലാണ്ടി: അരനൂറ്റാണ്ടിലേറെക്കാലം ഗാനമേളകളില്‍ നിറഞ്ഞാടിയ രാജന്‍ മണക്കാടിന്റെ ഘനഗാംഭീരമായ ശബ്ദം ഇനിയില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി പക്ഷാഘാതം പിടിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു. ചികിത്സയിലിരിക്കെയും പരസഹായത്തോടെ പൂക്കാട് കലാലയത്തില്‍  വേണു മാഷ് അനുസ്മരണ ചടങ്ങിൽ വെച്ച് നിറഞ്ഞ സദസ്സിന് മുമ്പില്‍ ഏറെ പണിപ്പെട്ട് അദ്ദേഹം പാട്ട് പാടിയിരുന്നു.

1970 കളിലാണ് മണക്കാടന്‍ പാടി തുടങ്ങിയത്. പറയത്തക്ക യാതൊരു സംഗീത പഠനവും ഉണ്ടായിരുന്നില്ല. ജന്മസിദ്ധമായ സര്‍ഗ്ഗാത്മകതമായിരുന്നു കൈമുതല്‍. ‘പൂമാനം പൂത്തുലഞ്ഞു.. പൂവള്ളികുടിലിന്റെ കരളുണര്‍ന്നോ കിളി, ശ്രീ പദം വിടര്‍ന്ന സരസീരുഹത്തില്‍.., പ്രിയ സഖീ പോയ് വരൂ.., പ്രണയ സരോവര തീരം.., രവിവര്‍മ്മ ചിത്രത്തിന്‍ രരിഭാവമേ, ഗോരി
തേരാ ഗാവ് ബഡാ പ്യാര എന്നീ പാട്ടുകളെല്ലാം ഗന്ധര്‍വ്വ ശബ്ദത്തില്‍ പാടി നാട്ടില്‍ പുറത്തെ സാധാര മനുഷ്യരെ സംഗീതത്തിലേക്ക് കൈ പിടിച്ച് കൊണ്ട് വന്ന ഗായകനായിരുന്നു മണക്കാട് രാജന്‍.

ഇന്നത്തെപ്പോലെ ആധുനിക സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ശബ്ദക്രമീകരണങ്ങള്‍ വരുത്തി ഏത് വികൃത ശബ്ദവും സുന്ദര മാക്കുന്ന കാലമല്ല അന്നത്തേത്. വാദ്യ ഉപകരണങ്ങള്‍ തന്നെ കുറവ്. ഹാര്‍മോണിയം ഏറിയാല്‍ എക്കോഡിയന്‍ ഒരു സെറ്റ് തബല, ട്രിപ്പിള്‍ ഡ്രം, ഗായകര്‍ തന്നെ തൊണ്ട കീറുമുച്ചത്തില്‍ പാടണം. ഒപ്പം ശബ്ദ സൗകുമാര്യവും വരുത്തണം. ഇതെല്ലാം നേരിട്ടാണ് മണക്കാടന്‍ പാടിയത്. കൊയിലാണ്ടിക്കാരുടെ സംഗീത സമവാക്യങ്ങള്‍ മാറി നാട്ടിലെ എല്ലാ പരിപാടികള്‍ക്കും മണക്കാടന്റെ പാട്ട് വേണമെന്നായി. മണക്കാട് രാജനും പയ്യോളി യേശുദാസും കോഴിക്കോട് സുശീലയും അടങ്ങുന്ന സംഘം മലബാര്‍ഗാന മേള കൈപ്പിടിയിലൊതുക്കി.

എസ്. പി ബാലസുബ്രഹ്‌മണ്യവും യേശുദാസും സ്റ്റേജില്‍ പുനര്‍ജ്ജനിച്ചു. ചില പാട്ടുകള്‍ മണക്കാട് പാടുമ്പോള്‍ ഒറിജിനലിനേക്കാള്‍ ശബ്ദഗാംഭീര്യം ഫീല്‍ ചെയ്യാറുണ്ടായിരുന്നു. ”പാദരേണു തേടി അലഞ്ഞു…, കുടജാദ്രിയില്‍, താരകേ…ഓളം മാറ്റി… ഇതിലൊക്കെ ഒരു അസാധാരണ മണക്കാട് ടച്ചും ഉണ്ടായിരുന്നു. പ്രഥമ വേണു പൂക്കാട് അവാര്‍ഡ് നേടിയ മണക്കാട് രാജന്റെ ചെറുപ്പത്തില്‍ കൊയിലാണ്ടിയിലെ വിക്ടറി ടാക്കീസില്‍ നിന്ന് കേള്‍ക്കുന്ന പാട്ടാണ് ഗുരു. കാലം മാറിയതോടെ രാജന്‍ പിന്നണിയിലേക്ക് തഴയപ്പെട്ടു. ‘പരിപാടിയില്ലെ’ എന്ന് ആരങ്കിലും ചോദിച്ചാല്‍ ‘ഈ വയസ്സാം കാലത്ത് ഡാന്‍സ് പഠിക്കാനൊന്നു എന്നെക്കൊണ്ടാവില്ല’ എന്ന മറുപടി പറയും. പിന്നെ പുതിയൊര് സാധനമുണ്ടല്ലോ ‘ കരോക്കെ അതെ നിക്ക് തീരെ പറ്റില്ല’.

”കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ… അഭിനനന്ദനം.. നിനക്കഭിനന്ദനം..” എന്ന എം.എസിന്റെ പാട്ട് ഒരു തലനാരിഴയ്ക്ക് പോലും മാറ്റമില്ലാതെ മണക്കാടന്‍ പാടിയതായി സംഗീത പ്രേമികള്‍ പറയുന്നു. രാജന്‍ മറഞ്ഞാലും തന്റെ ഇടത് കൈ കൊണ്ട് നെഞ്ചിന് കുറുകെ പിടിച്ച് വലത് കൈയില്‍ മൈക്ക് പിടിച്ചു  സ്റ്റേറ്റില്‍ നില്കുന്ന രാജന്റെ ചിത്രം ഒരിക്കലും മായാതെ നില്ക്കുമെന്നാണ് ആസ്വാദകര്‍ പറയുന്നത്.

സംസ്‌കാരം ഇന്ന് 3 മണിക്ക് പെരുവട്ടൂരിലെ മണക്കാട് വീട്ടു പറമ്പില്‍ നടക്കും. 2 മണി വരെ ഭൗതീകശരീരം മകന്‍ ശ്യാം രാജിന്റെ രാരോത്ത് കണ്ടി വീട്ടില്‍ ( അണേല) പൊതു ദര്‍ശത്തിന് വെക്കും.

Description: follow up news of manakkad rajan.