കുറ്റ്യാടിപ്പുഴയില്‍ നവവരന് മുങ്ങിമരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസ്; അപകടമുണ്ടായത് കുടുംബത്തോടൊപ്പം ചിത്രമെടുക്കുന്നതിനിടെ കാൽ വഴുതി വീണ്; കനിഹയുടെ നില ഗുരുതരമായി തുടരുന്നു
പേരാമ്പ്ര: ജാനകിക്കാടിന് സമീപം കുറ്റ്യാടിപ്പുഴയില്‍ നവവരന് മുങ്ങി മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസ്. ഇന്നലെ ഇതേ സ്ഥലത്ത് ഫോട്ടോഷൂട്ട് നടന്നിരുന്നു. എന്നാല്‍ ഫോട്ടോഷൂട്ടിനിടെയാണ് അപകടമുണ്ടായത് എന്നാണ് മാധ്യമങ്ങള്‍ക്ക് പ്രാഥമികമായി ലഭിച്ച വിവരം. കുടുംബത്തോടൊപ്പം ചിത്രങ്ങളെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
രാവിലെ പതിനൊന്ന് മണിയോടെ ബന്ധുക്കള്‍ക്കൊപ്പമാണ് നവദമ്പതികള്‍ പുഴക്കരയിലെത്തിയത്. ഇന്ന് ഇവര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മറ്റാരോ ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.
കടിയങ്ങാട് സ്വദേശി രജിന് ലാലാണ് കുറ്റ്യാടിപ്പുഴയില്‍ മുങ്ങിമരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഇരുപത് ദിവസം മുമ്പായിരുന്നു രജിന് ലാലിന്റെ വിവാഹം.
ഫോട്ടോ എടുക്കുന്നതിനിടെ രജിന് ലാലും ഭാര്യ കനിഹയും കാല് വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രജിന് ലാലിന്റെ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ കണികയെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണികയുടെ നില ഗുരുതരമായി തുടരുകയാണ്.
രജിന് ലാലിന്റെ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.