വടകരയിൽ ഭാര്യയുടെ വീടിന് തീയിട്ടു, പിന്നാലെ ആത്മഹത്യ ശ്രമം; ഗുരുതര പരുക്കുകളോടെ യുവാവ് ആശുപത്രിയിൽ
വടകര: ഭാര്യയുടെ വീടിന് തീകൊളുത്തിയതിനു പിന്നാലെ ആത്മഹത്യാ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ. കോഴിക്കോട് കൊളാവി പാലം സ്വദേശി അനില്‍ കുമാറാണ് വീടിന് തീയിട്ടത്. അതിനു ശേഷം ഇയാൾ സ്വയം പെട്രോള്‍ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് സംഭവം.
അനിൽകുമാറിന്റെ ഭാര്യ സഹോദരൻ കോട്ടക്കടവ് പാറക്കണ്ടി റോഡ് കടുങ്ങോന്റവിട ഷാജിയുടെ വീടിനു നേരെയാണ് അക്രമം സംഭവിച്ചത്. വീടിനു തീ കൊളുത്തിയതിനു പുറമെ മുറ്റത്ത് നിർത്തിയ കാറിനും സ്കൂട്ടറിനും തീയിട്ടു. അയൽ വീട്ടുകാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് അവർ ഷാജിയെ വിളിച്ചറിയിക്കുകയിരുന്നു. വീടിനു പുറത്തേക്കിറങ്ങിയ ഷാജിക്കു നേരെയും ഇയാളുടെ അക്രമശ്രമമുണ്ടായി. ഇതിനു പിന്നാലെയാണ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അനിൽകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ വഴക്കിനെ തുടർന്ന് ഇതിനു മുൻപ് അനിൽകുമാർ പലതവണ അക്രമത്തിനു ശ്രമിച്ചിട്ടുണ്ടെന്നും വടകര പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.