ഈ ചിങ്ങം ഒന്ന് സ്‌പെഷ്യലാണ്; നാളെ തുടങ്ങുകയാണ് പുതിയ നൂറ്റാണ്ട്
എ.സജീവ്കുമാര്‍
ഇന്ന് ഒരു നൂറ്റാണ്ട് അവസാനിക്കുകയാണ്. അതായത് ഇന്ന് 1199 കര്‍ക്കിടകം 32. നാളെ രാവിലെ ഉദയത്തോട് കൂടി ഈ നൂറ്റാണ്ട് അവസാനിക്കും. നാളെ മലയാള മാസം 1200 ചിങ്ങം ഒന്നാം തിയ്യതിയാണ്. ിങ്ങം ഒന്നിനു പുതിയകൊല്ലവര്‍ഷം തുടങ്ങുന്നു.
മലയാളിയുടെ മാത്രമായ കലണ്ടര്‍ ആണ് കൊല്ലവര്‍ഷം. ഇതിലെ മാസങ്ങളെ മലയാള മാസം എന്നു പറയുന്നു. ബിസി 100 വരെ ഇന്ത്യയില്‍ കാലവും തീയതിയുമൊന്നും കൃത്യമായി കണക്കാക്കുന്ന സംവിധാനങ്ങള്‍ ഇല്ലായിരുന്നുവത്രേ. പ്രകൃതിയിലെ മാറ്റങ്ങള്‍ നോക്കി കാലം ഇന്നതാണെന്ന് അനുമാനിക്കുന്നതായിരുന്നു അന്നത്തെ പതിവ്. ഓരോ രാജക്കന്മാരും ഭരിച്ച കാലംവച്ച് ചില കണക്കുകള്‍ ചിലയിടങ്ങളിലൊക്കെ രേഖപ്പെടുത്തിവച്ചിട്ടുണ്ടായിരുന്നു. ബിസി ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും കാലങ്ങള്‍ കണക്കാക്കാന്‍ ഒരേ രൂപത്തിലുള്ള പ്രാദേശിക സമ്പ്രദായങ്ങള്‍ നിലവില്‍ വന്നു. ഇതു പല ജനതയ്ക്കും പലതായിരുന്നു. ബിസി 76ല്‍ നിലവില്‍ വന്ന സപ്തര്‍ഷി വര്‍ഷം, ബിസി 65ല്‍ തുടങ്ങിയ വിക്രമവര്‍ഷം, എഡി 78 മുതലുള്ള ശകവര്‍ഷം, എഡി 320 മുതല്‍ പ്രാബല്യത്തിലുള്ള ഗുപ്തവര്‍ഷം, എഡി 606ല്‍ ഉണ്ടായ ഹര്‍ഷവര്‍ഷം എന്നിവയൊക്കെ ഇതില്‍ പ്രധാനപ്പെട്ടവയാണ്. ഇക്കൂട്ടത്തില്‍ പെട്ട ഒന്നാണ് നമ്മുടെ കൊല്ലവര്‍ഷവും.
ഒരേ അര്‍ഥം വരുന്ന കൊല്ലവും വര്‍ഷവും ചേന്ന് കൊല്ലവര്‍ഷം എന്ന് ഈ കലണ്ടറിനു എങ്ങനെ പേര് വന്നു എന്നതിനെ കുറിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ട്. വര്‍ഷം എന്നതിന് പകരമായുള്ള വാക്കെന്ന നിലക്കാണ് കൊല്ലം എന്നത് വന്നതെന്നാണ് പലരും ധരിച്ചിരിക്കുന്നത്.
കേരളത്തിലെ തെക്കന്‍ കൊല്ലത്താണ് ഈ കലണ്ടര്‍ ഉണ്ടാക്കാനായി ജ്യോതിഷികളുടെ സമ്മേളനം നടന്നത്. കൊല്ലത്തു പിറന്ന വര്‍ഷം എന്ന നിലയിലുള്ള കലണ്ടറാണ് കൊല്ലവര്‍ഷമായത്.
ഈ കലണ്ടര്‍ നിലവില്‍ വന്നത് എ ഡി 825 ഓഗസ്റ്റ് 25 ന് ആണെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. കൊല്ലവര്‍ഷത്തെ കുറിച്ച് പരാമര്‍ശമുള്ള ആദ്യത്തെ രേഖ എ.ഡി 970ലെ ശ്രീവല്ലഭന്‍ കോതയുടെ മാമ്പിള്ളി ശാസനങ്ങളാണ്.
സൂര്യനെ ആശ്രയിച്ചുള്ള കൊല്ലവര്‍ഷ കലണ്ടര്‍ ഉണ്ടാകുന്നതിന് മുന്‍പ് മലയാളികള്‍ കലിവര്‍ഷമായിരുന്നത്രെ കാലഗണനക്കായി ഉപയോഗിച്ചിരുന്നത്.
സൗരയൂഥത്തിലെ സ്ഥിര നക്ഷത്ര സമൂഹത്തെ മുന്‍ നിര്‍ത്തി ഓരോ സമയത്തും ഏതു നക്ഷത്ര സമൂഹത്തോടൊപ്പമാണ് സൂര്യന്റെ സ്ഥാനം എന്ന് നിര്‍ണ്ണയിച്ചാണ് മലയാള മാസങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.
ചിങ്ങമാസം ലിയോ നക്ഷത്ര സമൂഹത്തെ മുന്‍ നിര്‍ത്തി വന്ന പേരാണ്. ലിയോ എന്നാല്‍ ലയണ്‍- സിംഹം; ചിങ്ങം സിംഹത്തിന്റെ തത്ഭവരൂപമാണ്.
27 നക്ഷത്രങ്ങളെ കണക്കിലെടുത്ത് 365 ദിവസമുള്ള ഒരോ കൊല്ലത്തേയും 14 ദിവസം വീതമുള്ള 27 ഞാറ്റുവേലകളാക്കി തിരിച്ചിട്ടുണ്ട്.തിരുവാതിര, പുണര്‍തം എന്നിങ്ങനെ.കൃഷിയെ അടിസ്ഥാനപ്പെടുത്തി കൂടിയുള്ളതാണ് ഞാറ്റുവേലയുടെ കാലഗണന.
കൊല്ലവര്‍ഷത്തെ മാസങ്ങള്‍ കേരളീയന്റെ ജീവിതത്തെയും സാഹിത്യത്തെയും പ്രവര്‍ത്തങ്ങളെയും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
ധനുമാസ കുളിരും കന്നി വെറിയും, ചിങ്ങ നിലാവും കര്‍ക്കിടകകാറ്റും മകരകൊയ്ത്തും കന്നിക്കൊയ്ത്തും, തുലാവര്‍ഷവും ഇടവപ്പാതിയും എല്ലാം മലയാള മാസങ്ങളില്‍ നിന്നുണ്ടായ വാക്കുകളാണ്.
ശങ്കരാചാര്യര്‍ ആണ് മലയാളം കലണ്ടര്‍ തുടങ്ങിയത് എന്ന് ചിലര്‍ പരല്‍പ്പേരിന്റേയും കലിയുഗ സംഖ്യയുടേയും അടിസ്ഥാനത്തില്‍ വാദിക്കുന്നുണ്ട്. ശങ്കരാചാര്യരുടെ സമാധിക്കു ശേഷമാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കം എന്ന് മറ്റു ചിലര്‍. രണ്ട് വാദവും ശാസ്ത്രീയമായ അടിത്തറയിലൊന്നുമുള്ളതല്ല.
വേണാട് രാജാവായിരുന്ന ഉദയമാര്‍ത്താണ്ഡന്‍ ആണ് കൊല്ലവര്‍ഷം തുടങ്ങിയത് എന്ന ചരിത്രം വിശ്വസിക്കുകയാണ് നല്ലത്.
പേര്‍ഷ്യയില്‍ നിന്നുള്ള കച്ചവടക്കാര്‍ ഇപ്പോഴത്തെ കൊല്ലത്തിനു അടുത്തുണ്ടായിരുന്ന കുരക്കേണികൊല്ലത്ത് വന്നു താമസമുറപ്പിച്ച് , കൊല്ലം പട്ടണം ഉണ്ടാക്കിയതിന്റെ ഓര്‍മ്മക്കായാണ് കൊല്ലവര്‍ഷം തുടങ്ങിയത് എന്ന വാദവും ചില രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വേണാട്ടരചനായ ഉദയമാര്‍ത്താണ്ഡ വര്‍മ്മ നാട്ടിലെ കേമന്മായ ജ്യോതിഷ പണ്ഡിതരെയെല്ലാം കൊല്ലത്ത് വിളിച്ചു വരുത്തി , പുതിയൊരു കലണ്ടര്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉണ്ടാക്കിയതാണ്, പിന്നീട് കേരളത്തില്‍ മുഴുവന്‍ സ്വീകാര്യമായ കൊല്ലവര്‍ഷം കലണ്ടര്‍ എന്നതാണ് ഈ വാര്‍ത്തകള്‍ക്കു പിന്നിലുള്ളത്.
പുതിയ കലണ്ടര്‍ ഉണ്ടാക്കിയ വാര്‍ത്ത വടക്കന്‍ കേരളത്തില്‍ അറിയാന്‍ അക്കാലത്ത് ഒരു മാസമെടുത്തുവത്രെ. അതുകൊണ്ട് വടക്കന്‍ കേരളത്തില്‍ കന്നി 1 ന് കൊല്ലവര്‍ഷം തുടങ്ങുന്ന രീതിയാണ് അടുത്ത കാലം വരെ ഉണ്ടായിരുന്നത്.
മധ്യകേരളത്തിലും മലബാറില്‍ ചിലേടത്തും തമിഴ്‌നാട്ടിലേതുപോലെ മേടം 1 ന്- വിഷുവിന് കൊല്ലവര്‍ഷം തുടങ്ങുന്ന രീതിയും നിലവിലുണ്ടായിരുന്നു.