കെ.എസ്.യു പ്രവര്‍ത്തകനെ അധ്യാപകന്‍ മര്‍ദ്ദിച്ചെന്നാരോപണം; തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ വിദ്യാഭ്യാസ ബന്ദ്


തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്. സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കെ.എസ്.യു യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ അനുദേവിനെ അതേ സ്‌കൂളിലെ അധ്യാപകന്‍ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് കെ.എസ്.യു പ്രതിഷേധം.

യാതൊരു കാരണവുമില്ലാതെ അധ്യാപകന്‍ അനുദേവിനെ മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു. സാരമായി പരിക്കേറ്റ അനുദേവിനെ തിരുവങ്ങൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വിദ്യാര്‍ത്ഥികളോട് ഇത്തരത്തില്‍ മൃഗീയമായി പെരുമാറുന്ന അധ്യാപകരെ സ്‌കൂളില്‍ വെച്ച് പൊറുപ്പിക്കല്ലെന്ന് കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.ആദര്‍ശ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ (14-08-2024) തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായും പ്രസ്തുത അധ്യാപകനെതിരെ നടപടി എടുത്തില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ആദര്‍ശ് വ്യക്തമാക്കി.