നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കുറുവടി പയറ്റില്‍ സ്വര്‍ണമെഡല്‍ നേട്ടവുമായി ചെങ്ങോട്ടുകാവ് സ്വദേശിനി വി.ടി.ആര്‍ദ്ര


ചെങ്ങോട്ടുകാവ്: തിരുവനന്തപുരത്ത് നടന്ന 16ാമത് നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി സ്വര്‍ണമെഡല്‍ നേടി വി.ടി.ആര്‍ദ്ര. ചെങ്ങോട്ടുകാവ് ഞാണംപൊയില്‍ സ്വദേശിനിയാണ്.

കുറുവടി പയറ്റിലാണ് ആര്‍ദ്രയുടെ നേട്ടം. ആഗസ്റ്റ് ഒമ്പതിനായിരുന്നു മത്സരം നടന്നത്. കഴിഞ്ഞ നാലുവര്‍ഷത്തോളമായി വില്ല്യാപ്പള്ളി ചൂരക്കൊടി കളരിസംഘത്തില്‍ കുഞ്ഞിമൂസ ഗുരുക്കളുടെയും അഷ്‌റഫ് ഗുരുക്കളുടെയും കീഴില്‍ പരിശീലനം നടത്തുന്നുണ്ട്.

മുചുകുന്ന് കോളേജില്‍ നിന്നും പി.ജി. പൂര്‍ത്തിയാക്കിയതാണ് ആര്‍ദ്ര. യൂണിവേഴ്‌സിറ്റി തലത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി മത്സരിക്കുകയും മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട്. മൂന്നുവര്‍ഷമായി സംസ്ഥാന തലത്തിലും മത്സരിക്കുന്നുണ്ട്. ഒരു തവണ മൂന്നാം സ്ഥാനവും കഴിഞ്ഞതവണ വെള്ളിയും നേടിയിരുന്നു.

ചെങ്ങോട്ടുകാവ് സ്വദേശി വി.ടി.ശ്രീധരന്റെയും എ.ടി.ജയലതയുടെയും മകളാണ്. ഡി.വൈ.എഫ്.ഐ ഞാണംപൊയില്‍ ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റാണ് ആര്‍ദ്ര.