‘തങ്കമലയിലെ അശാസ്ത്രീയ ഖനനം അവസാനിപ്പിക്കുക’; അനിശ്ചിതകാല സമരത്തിനൊരുങ്ങി സിപിഎം, ആഗസ്ത് 14ന് കീഴരിയൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച്
കീഴരിയൂര്‍: തങ്കമലയിലെ അശാസ്ത്രീയ ഖനനത്തിനെതിരെ അനശ്ചിതകാല സമരത്തിനൊരുങ്ങി സിപിഐ (എം). ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 14ന് വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കീഴരിയൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കീഴരിയൂര്‍, നമ്പ്രത്ത്കര, ഇരിങ്ങത്ത്, തുറയൂര്‍ എന്നീ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ച് സിപിഐ (എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി.കെ ചന്ദ്രന്‍ മാഷ് ഉദ്ഘാടനം ചെയ്യും.
അന്നേ ദിവസം പ്രശ്‌നത്തില്‍ അധികൃതര്‍ നടപടികളെടുത്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സമരം ചെയ്യാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ആഗസ്ത് 15മുതല്‍ ക്വാറി പരിസരത്ത് റിലേ നിരാഹര സമരം ആരംഭിക്കും. സമരം സിപിഐ (എം) ഏരിയാ സെക്രട്ടറി എന്‍.പി ഷിജു ഉദ്ഘാടനം ചെയ്യും.
കീഴരിയൂര്‍ – തുറയൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിയാണ് തങ്കമലയില്‍ ക്വാറി ഖനനം നടക്കുന്നത്. അതിതീവ്ര മഴ വന്നതോടെ ക്വാറിക്ക് താഴ് വാരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്. കൂടാതെ ക്വാറിയില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഭീതിപടര്‍ത്തുന്നതാണ്. കുന്നിന്‍ മുകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ പാറ പൊട്ടിച്ച സ്ഥലത്ത് വലിയ ജലാശയം രൂപപ്പെട്ടത് നാടിന് തന്നെ അപകട ഭീഷണയായിട്ടുണ്ട്. ക്വാറിയില്‍ കെട്ടി കിടക്കുന്ന വെള്ളം നടുവത്തൂര്‍ ബ്രാഞ്ച് കനാലിലേക്ക് ഒഴുക്കിവിടുന്നത് പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്നുണ്ട്.
കക്ഷിരാഷട്രീയ ഭേതമന്യേ വന്‍ പ്രതിഷേധവും സമരങ്ങളും നടത്തിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും പ്രശ്‌നത്തില്‍ നടപടി ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. സമീപപ്രദേശങ്ങളിലെ വീടുകളിലെ കിണറുകള്‍ ഖനനം കാരണം മലിനമാവുകയും രാത്രിയിലും ഖനനം തുടരുന്നതിനാല്‍ കുട്ടികളുടെ പഠനത്തെ പോലും സാരമായി ബാധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.
കൂടാതെ ഖനന സമയത്ത് കല്ല് പൊട്ടിത്തെറിച്ച് സമീപത്തെ വീടുകള്‍ക്ക് മുകളിലും അങ്കണവാടി കെട്ടിടത്തിനു മുകളിലുമെല്ലാം വീഴുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ മറ്റ് അധികാരികളുടെയോ പഞ്ചായത്തിന്റെയോ അനുമതി രേഖകളൊന്നും ഇല്ലാതെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്.