ഗുരുതരമായി പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചാലും ഫലമില്ലാത്ത സ്ഥിതി; പുതുതായി നിര്‍മിക്കുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ ട്രോമാകെയര്‍ സംവിധാനം വേണമെന്ന ആവശ്യം ശക്തമാകുന്നു


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. താലൂക്കാശുപത്രിയില്‍ ട്രോമാകെയര്‍ സംവിധാനം വേണമെന്ന ആവശ്യം ശക്തമാകുന്നു. പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ 24 മണിക്കൂര്‍ ട്രോമാകെയര്‍ സംവിധാനമൊരുക്കണമെന്നാണ് ആവശ്യം. ദേശീയപാതയോരത്തെ  ആശുപത്രിയില്‍ ട്രോമാകെയര്‍ സംവിധാനമില്ലാത്തത് കാരണം അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് തടസ്സം നേരിടുകയാണ്. വാഹനാപകടം പതിവായ മേഖലയാണ് കൊയിലാണ്ടി.

മൂരാട് പലാം കഴിഞ്ഞുള്ള ഭാഗങ്ങളില്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ കോഴിക്കോട് നഗരത്തിലെ ആശുപത്രികളിലെത്തിക്കേണ്ട അവസ്ഥയാണുള്ളത്. ഗുരുതരാവസ്ഥയിലുള്ളവരെ അടിയന്തര വൈദ്യസഹായത്തിനായി കൊ യിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചാലും ഫലമില്ലാത്ത സ്ഥിതിയാണ്. റോഡപകടങ്ങളില്‍ 70 ശതമാനം പേര്‍ക്കും തലയ്ക്കാണ് പരിക്കേല്‍ക്കാറ്. ഇത്തരം അപകടങ്ങളില്‍ ഉടനടി ചികിത്സ ലഭ്യമാക്കിയാല്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണക്കൂകൂട്ടല്‍.

ടോമാകെയര്‍ യൂണിറ്റില്‍ ഗൈനക്കോളജി, ജനറല്‍ സര്‍ജന്‍, അനസ്റ്റിസ്റ്റ് ഇഎന്‍ടി, ഗൈനക്കോളജി, ഗ്യാസ്‌ട്രോ സര്‍ജറി, ന്യൂറോ സര്‍ജറി, പീഡിയാടിക്, കാര്‍ഡിയോളജി വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. റേഡിയോളജിസ്റ്റ്, രക്തബാങ്ക്, ക്രിട്ടിക്കല്‍ കെയര്‍, സിടിവിഎസ് എന്നിവയും ആവശ്യമാണ്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടേയും മറ്റ് ജീവനക്കാരുടെയും അധിക തസ്തിക സൃഷ്ടിക്കുകയാണ് അടിയന്തരമായി വേണ്ടത്.

വലിയ അപകടങ്ങള്‍ വടകരയ്ക്കും കൊയിലാണ്ടിയ്ക്കും ഇടയില്‍ ഉണ്ടാകുമ്പോള്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ നിലവിലെ സാഹചര്യത്തില്‍ വലിയ സമയമെടുക്കാറുണ്ട്. ഇതിനിടയില്‍ ഗതാഗത തടസ്സങ്ങളും  ഉണ്ടാകും. താലൂക്കാശുപത്രിയുടെ എല്ലാ തരത്തിലുമുള്ള വികസനമാണ് എല്‍ ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കാനത്തില്‍ ജമീല എംഎല്‍എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. താലൂക്കാശുപത്രിയില്‍ പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ട്രോമാകെയര്‍ സംവിധാനം ഒരുക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും എം.എല്‍.എ പറഞ്ഞു.