ഇനി കുടിവെള്ളത്തിനായി കൊയിലാണ്ടി അലയേണ്ട; സമ്പൂർണ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 72 കോടിക്ക് അംഗീകാരം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ രൂക്ഷ ജലക്ഷാമത്തിനു പരിഹാരമൊരുക്കാൻ നഗരസഭ. സമ്പൂർണ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 85 കോടി രൂപയായിരുന്നു അനുവദിച്ചത്.

ആദ്യഘട്ടത്തിലെ തുക ഉപയോഗിച്ച് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് ലൈനിൽനിന്നും കണക്ഷൻ ലൈനെടുത്ത് വലിയമല, കോട്ടക്കുന്ന്, എന്നിവിടങ്ങളിലും സിവിൽ സ്റ്റേഷൻ പരിസരത്തും കൂറ്റൻ ജലസംഭരണികൾ നിർമ്മിച്ച് ഒന്നാംഘട്ടം പൂർത്തിയാക്കുകയും ചെയ്തു.

രണ്ടാം ഘട്ടത്തിൽ വിതരണ ശൃംഖല വഴി എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കും. വാട്ടർ അതോറിറ്റി വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിന് 72 കോടിരൂപ നിശ്ചയിച്ച് കിഫ്ബി നേരത്തെ അംഗീകാരം നൽകിയിരുന്നു. അതിനാണ് ഇപ്പോൾ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.