സ്നേഹ വിദ്യാലയത്തിന് തെളിനീരുറവയായ് അധ്യാപകർ; കൊയിലാണ്ടിയിൽ മാതൃകയായി വൊക്കേഷണൽ ഹയർ സെക്കൻ്ററിയിലെ അധ്യാപകർ
കൊയിലാണ്ടി: പടിയിറങ്ങുമ്പോഴും തങ്ങളുടെ വിദ്യാലയത്തിൽ എന്നെന്നും ഓർമിക്കാൻ ഒരു സ്നേഹ സമ്മാനം നൽകിയാണ് കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററിയിലെ അധ്യാപകർ പടിയിറങ്ങുന്നത്. വർഷങ്ങൾ നീണ്ട സേവനത്തിന് ശേഷം ഔദ്യോഗികമായി പടിയിറങ്ങിയപ്പോൾ സ്കൂളിന് ഒരു കുടി വെള്ള പ്ലാനറ്റാണ് ഈ അധ്യാപകർ സമ്മാനിച്ചത്.
ദീർഘ കാലത്തെ സേവനത്തിന് ശേഷം ഈ വർഷം വിരമിക്കുന്ന ദീപ ആർ.കെ, രാമചന്ദ്രൻ .വി, നളിനി.പി, ഗീത കെ എന്നീ അധ്യാപകരാണ് കുടി വെള്ള പ്ലാൻ്റ് സ്കൂളിന് സംഭാവന ചെയ്തത്. നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി പ്ലാൻ്റ് സ്കൂളിന് സമർപ്പിച്ചു.
പി.ടി.എ പ്രസിഡണ്ട് അഡ്വ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.വത്സല, ഹെഡ്മിസ്ട്രസ് പി.സി.ഗീത, എം.ജി. പ്രസന്ന, സിന്ധു.ബി, പി.ടി.എ അംഗം സുധീർ സ്റ്റെലോ എന്നിവർ സംസാരിച്ചു.