”ഈ പൂച്ചക്കുഞ്ഞിനെ പുറത്തെടുത്ത് തരുമോ?” ആശങ്കയോടെ പേരാമ്പ്ര അഗ്നിരക്ഷാ നിലയിലെത്തിയ കല്പത്തൂര്‍ സ്വദേശികളായ ഇരട്ട സഹോദരികള്‍ മടങ്ങിയത് അഗ്നിരക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച്
പേരാമ്പ്ര: പൈപ്പില്‍ കുടുങ്ങിയ പൊന്നോമനയ്ക്ക് പേരാമ്പ്ര അഗ്‌നിരക്ഷാസേനയുടെ കരുതല്‍. ഓമനിച്ചുവളര്‍ത്തുന്ന പൂച്ചകുഞ്ഞിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടെത്തിയ കല്പത്തൂര്‍ കൃഷ്ണശ്രീയില്‍ കൃഷ്‌ണേന്ദുവും കൃഷ്ണാഞ്ജലിയും മടങ്ങിയത് ഏറെ സന്തോഷത്തോടെയാണ്.
ഇന്ന് രാവിലെയാണ് തങ്ങളുടെ പൊന്നോമനയായ പൂച്ചകുഞ്ഞിനെ റഡ്യൂസ്സര്‍ പൈപ്പില്‍ കുടുങ്ങിയ നിലയില്‍ കല്പത്തൂര്‍ കൃഷ്ണശ്രീയില്‍ കൃഷ്‌ണേന്തുവും കൃഷ്ണാഞ്ജലിയുംകൂടി ഓട്ടോറിക്ഷയില്‍ പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെത്തിച്ചത്. പൂച്ചകുഞ്ഞിനെ സുരക്ഷിതയായി പുറത്തെടുത്തു തരുമോ എന്ന അഭ്യര്‍ത്ഥനയും ആശങ്കയും നിറഞ്ഞ ഭാവമായിരുന്നു ഇരട്ടസഹോദരികള്‍ക്ക്.
സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി. ഗിരീശന്റെയും, അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്റെയും നേതൃത്വത്തില്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍മാരായ കെ.ശ്രീകാന്ത്, എം.മനോജ്, പി.എം.വിജേഷ്, ടി.സനൂപ്, കെ.രഗിനേഷ്, കെ.കെ.ഗിരീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പൈപ്പ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി.
തങ്ങളുടെ പൊന്നോമനയെ വാരിപ്പുണര്‍ന്ന് സേനയോട് നന്ദി പറഞ്ഞ് നിറഞ്ഞ ചിരിയോടെയാണ് അവര്‍ നിലയം വിട്ടത്.