ഗര്‍ഭിണിയായ മകളെയുംകൂട്ടി അതിസാഹസികമായി ചൂരല്‍മലയില്‍ നിന്നും രക്ഷപ്പെട്ടു; കയറിച്ചെല്ലാന്‍ വീടുപോലുമില്ലെന്ന സങ്കടം പങ്കുവെച്ച ഉസ്മാന്റെ കണ്ണീരൊപ്പാന്‍ സഹായവുമായി നടുവണ്ണൂര്‍ സ്വദേശി ജബ്ബാര്‍
കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ചൂരല്‍മലയിലെ ഉസ്മാന്റെ കണ്ണീരൊപ്പാന്‍ നടുവണ്ണൂര്‍ സ്വദേശിയുടെ ഇടപെടല്‍. ഉസ്മാന്റെ നിസഹായാവസ്ഥയറിഞ്ഞ നടുവണ്ണൂരിലെ നെടുങ്ങണ്ടിയില്‍ ജബ്ബാറാണ് അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നിരിക്കുന്നത്.
ഉസ്മാന് വീട് വയ്ക്കാന്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കാമെന്നാണ് ജബ്ബാര്‍ പറഞ്ഞത്. നരിക്കുനിക്ക് അടുത്ത് നന്മണ്ട പുന്നശ്ശേരിയിലെ ജബ്ബാറിന്റെ സ്ഥലമാണ് വിട്ടുനല്‍കാന്‍ ഉദ്ദേശിക്കുന്നത്. വീട് വയ്ക്കുന്നതുവരെ തല്‍ക്കാലം താമസിക്കാന്‍ വാടകവീട് ഏര്‍പ്പാടാക്കി നല്‍കാമെന്നും ജബാര്‍ ഉറപ്പുനല്‍കി.
പൂര്‍ണഗര്‍ഭിണിയായ മകളെയുംകൊണടാണ് ഉസ്മാന്‍ ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ടത്. ഉരുള്‍പൊട്ടിയ സമയത്ത് മകളെയുംകൊണ്ട് ആനയിറങ്ങുന്ന കാട്ടിലൂടെ അതിസാഹസികമായി രക്ഷപ്പെടുകയായിരുന്നു. ഉസ്മാന്റെ വീടുണ്ടായിരുന്ന ഇടം ഇന്ന് ചെളിക്കൂമ്പാരമാണ്. കയറിച്ചെല്ലാന്‍ ഒരു വീട്‌പോലുമില്ലാത്തതിന്റെ സങ്കടം ഉസ്മാന്‍ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. ഇതാണ് ജബ്ബാറിന്റെ മനസിനെ നൊമ്പരപ്പെടുത്തിയത്.
റിട്ട. അധ്യാപകനാണ് ജബ്ബാര്‍. നേരത്തെ കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഉമ്മഹബീബയ്ക്കും ജബ്ബാര്‍ സ്ഥലം നല്‍കിയിരുന്നു.