കീഴരിയൂരിലെ ചെറുപുഴയ്ക്ക് പുതു ജീവന്: തുമ്പപരിസ്ഥിതി സമിതി ജനകീയ കൂട്ടായ്മയുടെ രണ്ടാം ഘട്ട ശുചീകരണം തുടങ്ങി
കീഴരിയൂർ: തുമ്പപരിസ്ഥിതി സമിതി ജനകീയ കൂട്ടായ്മയിൽ ചെറുപുഴയെ വീണ്ടെടുക്കൽ രണ്ടാം ഘട്ട ശുചീകരണം തുടങ്ങി. സാബിറ നടുകണ്ടി അധ്യക്ഷത വഹിച്ചു. നാഗത്ത് അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. സുശാന്ത് കരിങ്കിലാട്ട്, കെ. നാരായണൻ, ടി.പി ദാമോധരൻ, എം.വി കരിം, സി.പി സംഗീത എന്നിവർ നേതൃത്വം നൽകി.
മാലിന്യങ്ങളും പായലും പുല്ലും നിറഞ്ഞ് ഒഴുക്ക് നിലച്ച ചെറുപുഴയെ വീണ്ടെടുക്കാനായി ജൂലായ് മാസത്തില്‍ ഒന്നാംഘട്ട ശുചീകരണ പ്രവൃത്തികള്‍ നടന്നിരുന്നു. നടക്കല്‍ പാലത്തില്‍ ഉള്ള ഷട്ടറുകള്‍ അടച്ചാല്‍ ശുദ്ധജലം ലഭ്യമായിരുന്ന ഈ നീര്‍ത്തടത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കുളിക്കാനും നീന്തല്‍ പഠിക്കാനും പ്രദേശത്തുകാര്‍ ആശ്രയിച്ചിരുന്നു.
മാത്രമല്ല ധാരാളം മത്സ്യസമ്പത്തും ഉണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ പായലും മാലിന്യങ്ങളും അടിഞ്ഞു കൂടി പുഴയിലെ വെള്ളത്തിന്റെ തെളിമപോലും നഷ്ടമാവുകയായിരുന്നു. ഒരു തോണിക്ക് സഞ്ചരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ജനകീയപിന്തുണയില് ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത്.