സർവ്വീസ് ബാങ്ക് തെരഞ്ഞെടുപ്പിൽ ഗുരുതര അച്ചടക്കലംഘനം; കൊയിലാണ്ടി കോൺഗ്രസ്സിൽ കൂട്ട നടപടി, ബ്ലോക്ക് പ്രസിഡണ്ടിനെ നീക്കി
കൊയിലാണ്ടി: ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിന് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും എന്‍. മുരളീധരനെ നീക്കം ചെയ്തതായി ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ. കെപിസിസി മെമ്പര്‍ രത്‌നവല്ലി ടീച്ചര്‍ക്കാണ് ബ്ലോക്ക് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല.
അച്ചടക്കലംഘനം നടത്തിയതിന് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് സി.പി മോഹനനെയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉണ്ണികൃഷ്ണന്‍ മരളൂരിനെയും നീക്കം ചെയ്തതായും ഡിസിസി പ്രസിഡൻ്റ് അറിയിച്ചു.
കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി എന്‍. മുരളീധരനെ ഇന്ന് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്സില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അഡ്വ. കെ. വിജയനെയാണ് ഡിസിസി നേതൃത്വം ബാങ്ക് പ്രസിഡൻ്റാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ എ വിഭാഗക്കാരനായ ബ്ലോക്ക് പ്രസിഡൻ്റ് മുരളീധരൻ തോറാേത്ത് ഐ വിഭാഗക്കാരുടെ പിന്തുണയോടെ മത്സരിച്ച് വിജയിച്ചു. മുരളീധരനെ വെെസ് പ്രസിഡൻ്റാക്കാനായിരുന്നു ഡിസിസി നേതൃത്വമുണ്ടാക്കിയ ധാരണ. പിന്നാലെ ഐ വിഭാഗത്തിലെ സി.പി. മോഹനൻ വെെസ് പ്രസിഡൻ്റുമായി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കെ.പി.സി.സിയും ഡി.സി.സിയും ഇടപെട്ട് നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രശ്‌നപരിഹാരം കണ്ടെത്തിയിരുന്നു. ഔദ്യോഗിക ലിസ്റ്റ് പ്രകാരമുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഞ്ച് പേരെ മാറ്റണമെന്നായിരുന്നു വിമതവിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ രണ്ടുപേരെ മാറ്റുകയായിരുന്നു.
മനോജ് പയറ്റ് വളപ്പില്‍, ലജിത ഉഴിക്കോള്‍ക്കുനി എന്നിവരെയാണ് മാറ്റിയത്. പകരം ഉണ്ണിക്കൃഷ്ണന്‍ മരളൂരിനെയും ജാനറ്റിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. യു.ഡി.എഫിന്റെ ഔദ്യോഗിക പാനലിനെതിരെ നാമനിര്‍ദേശ പത്രിക കൊടുത്തവര്‍ പാര്‍ട്ടിയുടെയും, മുന്നണിയുടെയും വിശാല താല്പര്യം പരിഗണിച്ച് മത്സര രംഗത്ത് നിന്നും പിന്‍മാറിയിരുന്നു.
31 ന് നടന്ന സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബാങ്ക് ഭരണസമിതിയിലേക്ക് യു.ഡി.എഫിന്റെ ഔദ്യോഗിക പാനല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്‍.എം. പ്രകാശന്‍, വി.എം ബഷീര്‍, എന്‍. മുരളീധരന്‍ അഡ്വ. കെ.വിജയന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, സി. പി മോഹനന്‍, എം.ജാനറ്റ്, ടി.പി. ശൈലജ, എന്നിവരാണ് വിജയിച്ചത്.