മുണ്ടക്കെ ഉരുള്‍പൊട്ടല്‍; മേപ്പാടിയിലെ ശ്മശാന ഭൂമിയില്‍ ചിതയൊരുക്കുന്നത് കൊയിലാണ്ടിയിലെ സേവാഭാരതി അംഗങ്ങള്‍


കൊയിലാണ്ടി: വയനാട്ടിലെ ശ്മശാന ഭൂമിയില്‍ ചിതയൊരുക്കുന്നത് കൊയിലാണ്ടിയിലെ സേവാഭാരതി അംഗങ്ങള്‍. മേപ്പാടി മാരിയമ്മന്‍ ക്ഷേത്രത്തിന്റെ ശ്മശാനത്തിലാണ് സേവാഭാരതി അംഗങ്ങള്‍ ചിതയൊരുക്കുന്നത്. ഉരുള്‍പൊട്ടല്‍ വിഴുങ്ങിയ മുണ്ടക്കൈ ഗ്രാമത്തിന്റെ ഭീകരത നിറഞ്ഞ ചിത്രത്തിനപ്പുറമാണ് ചിതയൊരുക്കുന്നിടത്ത് നിന്നും കാണാന്‍ കഴിയുന്നതെന്ന് നേതൃത്വം നല്‍കുന്ന അച്യുതന്‍ പറയുന്നു.

രണ്ട് ദിവസമായി സേവാഭാരതി അംഗങ്ങള്‍ വയനാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. കൊയിലാണ്ടിയില്‍ നിന്നും രണ്ട് ആംബുലന്‍സുകളും 12 അംഗങ്ങളുമാണ് അവിടെയുള്ളത്. രണ്ട് ദിവസങ്ങളിലായി അന്‍പതിലേറെ ശവശരീരങ്ങളാണ് ഇവിടെ മറവുചെയ്തത്. അഞ്ച് വയസ്സുകാരനടക്കം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലും മൃതദേഹങ്ങള്‍ ഇവിടെ എത്തിക്കുന്നുണ്ടെന്ന് അച്യുതന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഹൃദയഭേതകമായ കാഴ്ചയായിരുന്നു കൈയ്യും കാലും വേര്‍പ്പെട്ട നിലയിലുള്ള മൃതദേഹങ്ങള്‍ എത്തിച്ചപ്പോള്‍. അച്യുതന്‍ പറയുന്നതിങ്ങനെ ‘നല്ല ആരോഗ്യമുള്ള ശരീരം എന്നാല്‍ തലയില്ല, കൈ ഇല്ല’ ഇങ്ങനെയാണ് ചില മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചത്’

രാത്രിയിലും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നുണ്ട്. ഇനി വരാനിരിക്കുന്ന മൃതദേഹങ്ങളിലധികവും അവയവങ്ങള്‍ മാത്രമാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞതായി അച്യുതന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മേപ്പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നുമാണ് പൊതിഞ്ഞ നിലയില്‍ പേര് വിവരങ്ങളടക്കം രേഖപ്പെടുത്തി എത്തിക്കുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഇനി ഡി.എന്‍.എ ടെസ്റ്റ് നടത്തിയ ശേഷമാവും സംസ്‌ക്കരിക്കുക.

സേവാഭാരതിയുടെ രണ്ട് ആംബുലന്‍സുകള്‍ രണ്ട് ദിവസം അവിടെ സേവനമവുഷ്ടിച്ചിരുന്നു.
അച്യുതന്‍ കെ.വി യുടെ നേതൃത്വത്തില്‍ എബിന്‍.സി എ.കെ സുനില്‍കുമാര്‍, അനൂപ് കുമാര്‍, കുഞ്ഞിരാമന്‍ സി.വി, അരുണ്‍ കെ.എം, ശ്രീനിവാസന്‍ എ, അഭിഷേക്, പ്രശാന്ത് കെ.കെ ആംബുലന്ഡസ് ഡ്രൈവര്‍മാരായ പുരുഷോത്തമന്‍, ഷിജു എന്‍ എന്നിവരാണ് കൊയിലാണ്ടി സേവാഭാരതിയില്‍ നിന്നും വയനാട്ടിലേയ്ക്ക് പോയ അംഗങ്ങള്‍.