തങ്കമല ക്വാറിയിലെ പാറപൊട്ടിച്ച ഗര്‍ത്തങ്ങളില്‍ വന്‍ ജലാശയം; ജനങ്ങള്‍ ഭീതിയില്‍, ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യം ശക്തം


മേപ്പയൂര്‍: തങ്കമല ക്വാറി ഖനനം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. കീഴരിയൂര്‍ – തുറയൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിയാണ് തങ്കമലയില്‍ ക്വാറി ഖനനം നടക്കുന്നത്. അതിതീവ്ര മഴ വന്നതോടെ ക്വാറിക്ക് താഴ് വാരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്. കൂടാതെ ക്വാറിയില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഭീതിപടര്‍ത്തുന്നതാണ്.

അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും സ്വീകരിക്കാത്തതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. കുന്നിന്‍ മുകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ പാറ പൊട്ടിച്ച സ്ഥലത്ത് വലിയ ജലാശയം രൂപപ്പെട്ടത് നാടിന് തന്നെ അപകട ഭീഷണയായിട്ടുണ്ട്.
ക്വാറിയില്‍ കെട്ടി കിടക്കുന്ന വെള്ളം നടുവത്തൂര്‍ ബ്രാഞ്ച് കനാലിലേക്ക് ഒഴുക്കിവിടുന്നത് പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്നുണ്ട്.

ക്വാറിയില്‍ നിന്നുള്ള വീഡിയോ കാണാം

കക്ഷിരാഷട്രീയ ഭേതമന്യേ വന്‍പ്രതിഷേധവും സമരങ്ങളും നടത്തിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. സമീപപ്രദേശങ്ങളിലെ വീടുകളിലെ കിണറുകള്‍ ഖനനം കാരണം മലിനമാവുകയും രാത്രിയിലും ഖനനം തുടരുന്നതിനാല്‍ കുട്ടികളുടെ പഠനത്തെ പോലും സാരമായി ബാധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

 

കൂടാതെ ഖനന സമയത്ത് കല്ല് പൊട്ടിത്തെറിച്ച് സമീപത്തെ വീടുകള്‍ക്ക് മുകളിലും അങ്കണവാടി കെട്ടിടത്തിനു മുകളിലുമെല്ലാം വീഴുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയോ മറ്റ് അധികാരികളുടെയോ പഞ്ചായത്തിന്റെയോ അനുമതി രേഖകളൊന്നും ഇല്ലാതെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.


ദിവസേന 100 ലോഡിലധികം ബോളര്‍, മെറ്റല്‍, ക്വാറി വേസ്റ്റ് എന്നിവ ഇവിടെനിന്ന് ലോറികളില്‍ കയറ്റിപ്പോകുന്നുണ്ട്. ക്വാറി കീഴരിയൂര്‍ പഞ്ചായത്തി ലും മൊബൈല്‍ ക്രഷര്‍ യൂണി റ്റ് തുറയൂര്‍ പഞ്ചായത്തിലുമാണ്. ആദ്യഘട്ടങ്ങളില്‍ നല്ല രീതിയില്‍ ഖനനം നടന്നുവെങ്കിലും ഇപ്പോള്‍ യാതൊരുവിധ നിബന്ധനകളും പാലിക്കാതെ തികച്ചും അനധികൃതവും അശാസ്ത്രീയമായ രീതിയിലുമാണ് ഖനന പ്രവൃത്തികള്‍ നടത്തുന്നതെന്നും പ്രദേശവാസികള്‍ പരാതി പറയുന്നത്.