നാനൂറില്‍ അധികം വീടുകളുണ്ടായിരുന്ന ഗ്രാമത്തില്‍ അവശേഷിക്കുന്നത് 30 വീടുകള്‍; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബെയിലി പാലം നിര്‍മ്മാണം പുരോഗമിക്കുന്നു


മേപ്പാടി: ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം തന്നെ ഒലിച്ചുപോകുകയാണ് മുണ്ടക്കൈയില്‍ സംഭവിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം നാനൂറില്‍ അധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായുള്ള ബെയിലി പാലം നിര്‍മ്മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഉരുള്‍പൊട്ടലില്‍ ഇരുനൂറോളം പേരാണ് മരണമടഞ്ഞത്. ഇതില്‍ 75 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 123 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 123പേരുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി.

പരിക്കേറ്റ 195 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതില്‍ 190 പേര്‍ വയനാട്ടിലും അഞ്ചുപേര്‍ മലപ്പുറത്തുമായിരുന്നു. വയനാട്ടിലെത്തിയ 190പേരില്‍ 133 പേര്‍ വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28പേര്‍ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും 24 പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും അഞ്ചുപേര്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലുമാണ്.

ചൂരല്‍മല, മുണ്ടക്കൈ ഭാഗത്ത് സൈന്യത്തിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ചാലിയാറില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ 98 പേരെയാണ് കാണാതായതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോള്‍ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തിയിട്ടുണ്ട്. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ്, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.