മണിക്കൂറുകള്‍ക്കുള്ളില്‍ പതിനഞ്ച് കേന്ദ്രങ്ങളിലായി സാധനങ്ങള്‍ ശേഖരിച്ചു, കൊയിലാണ്ടിയില്‍ നിന്നും രാത്രിയോടെ അയച്ചത് ഒരു ലോറിയിലധികം വരുന്ന സാധനങ്ങള്‍; വയനാടിനായി ഒത്തുചേര്‍ന്ന് ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടലിന്റെ ദുരിതം പേറുന്ന നൂറുകണക്കിന് ആളുകള്‍ക്ക് കരുതലൊരുക്കാന്‍ ഇന്നലെ കൊയിലാണ്ടിയും മുന്നിട്ടിറങ്ങി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നടന്ന അവശ്യസാമഗ്രികള്‍ ശേഖരിക്കാനുള്ള ഉദ്യമത്തില്‍ നിരവധി ആളുകളാണ് പങ്കുചേര്‍ന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഒരു ലോറി നിറയെ അവശ്യസാധനങ്ങള്‍ വയനാട്ടുകാര്‍ക്കുവേണ്ടി സ്വരുക്കൂട്ടാന്‍ കൊയിലാണ്ടിയ്ക്കു കഴിഞ്ഞു.

ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ ആഹ്വാനം ചെയ്തത്. കൊയിലാണ്ടി ബ്ലോക്കിലെ പതിനഞ്ച് മേഖലകളില്‍ നിന്നായാണ് അവശ്യവസ്തുക്കള്‍ ശേഖരിച്ചത്. പുതിയ വസ്ത്രങ്ങള്‍, പുതപ്പുകള്‍, സാനിറ്ററി നാപ്കിനുകള്‍, ക്ലീനിങ് ഉപകരണങ്ങള്‍, ബക്കറ്റുകള്‍, കുടിവെള്ളങ്ങള്‍ എന്നിങ്ങനെയുള്ള വസ്തുക്കളാണ് ശേഖരിച്ചത്.

ഉച്ചയ്ക്ക് മൂന്നുമണിക്കാണ് വിവിധ മേഖലകള്‍ക്ക് സാധനങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം കൊടുത്തത്. രാത്രി എട്ടുമണിയോടെ തന്നെ സാധനങ്ങള്‍ അതത് മേഖലകളിലെ കേന്ദ്രങ്ങളില്‍ നിന്നും കലക്ട് ചെയ്യാന്‍ തുടങ്ങി. ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, കീഴരിയൂര്‍, അരിക്കുളം പഞ്ചായത്തുകളില്‍ നിന്നും കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ നിന്നുമാണ് സാധനങ്ങള്‍ ശേഖരിച്ചത്.

നഗരത്തിലെ കടകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും സാധനങ്ങള്‍ ശേഖരിച്ചത്. സാധനങ്ങള്‍ കലക്ട് ചെയ്യുന്നതുകണ്ടതോടെ ചിലര്‍ അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ സാധനങ്ങള്‍ വാങ്ങിച്ചുനല്‍കിയെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. ചുരുക്കം ചിലര്‍ സാധനങ്ങള്‍ക്ക് പകരം പൈസ നല്‍കി. ഇതിന് അവശ്യസാധനങ്ങള്‍ വാങ്ങിക്കുകയായിരുന്നു. ഒരു ലോറിയിലും, ചെറിയൊരു വാഹനത്തിലുമായി രാത്രി ഒരുമണിയോടെ സാധനങ്ങളെല്ലാം പാക്കുചെയ്ത് കോഴിക്കോടുളള ഡി.വൈ.എഫ്.ഐയുടെ ജില്ലാ കലക്ഷന്‍ സെന്ററിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ ഇത് വയനാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പ്രളയകാലത്തെയും കോവിഡിനെയുമെല്ലാം മലയാളികള്‍ അതിജീവിച്ചത് പരസ്പരം താങ്ങും തണലുമായി ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ്. വയനാട് ദുരന്തത്തിന് മുമ്പിലും പകച്ചുനില്‍ക്കാതെയുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നമുക്ക് കാണാനാവുന്നത്.