കാട്ടുവയല്‍, തച്ചംവെള്ളിത്താഴെ, നീറ്റുവയല്‍ മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളംകയറി; കൊയിലാണ്ടിയില്‍ ദുരുതാശ്വാസ ക്യാമ്പ് തുറന്നു


കൊയിലാണ്ടി: ശക്തമായ മഴയും കാറ്റും നാശംവിതച്ച കൊയിലാണ്ടിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കുറുവങ്ങാട് സ്‌കൂളില്‍ നിലവില്‍ ക്യാമ്പ് തുറന്നിട്ടുണ്ട്. പത്തോളം കുടുംബങ്ങളാണ് ഇപ്പോള്‍ ഇവിടെയെത്തിയിട്ടുള്ളത്. കൂടുതല്‍ ആളുകളോട് ഇവിടേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. സത്യന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കോതമംഗലം യു.പി സ്‌കൂളില്‍ കൂടി ക്യാമ്പ് തുറക്കാന്‍ ആലോചനയുണ്ട്. കുറുവങ്ങാട്, ദേവസ്വംകുനി, തച്ചംവെള്ളിത്താഴെ, പന്തലായനി, കൊയിലാണ്ടി ടൗണിന്റെ കിഴക്ക് ഭാഗം, വിയ്യൂര്‍ മേഖല എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഭീഷണിയുള്ളത്. നഗരസഭയിലെ 17, 29, 31, 32 വാര്‍ഡുകളിലായി നിരവധി കുടുംബങ്ങളോട് ക്യാമ്പിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

29ാം വാര്‍ഡില്‍ പത്തോളം കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വല്‍സരാജന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തച്ചംവെള്ളിത്താഴ പവിത്രന്‍, മനോജ്, നീറ്റുവയല്‍ നാരായണി, നീറ്റുവയല്‍ നാണു, നീറ്റുവയല്‍ എം.വി.ഗോപാലന്‍, നീറ്റുവയല്‍ ചാന്ദിനി ഗംഗാധരന്‍ തുടങ്ങിയവരുടെ വീടുകള്‍ക്കാണ് വെള്ളം കയറുന്ന സ്ഥിതിയുള്ളത്. മുറ്റത്ത് മുട്ടോളം വെള്ളമാണ്. ഇതുവരെ വീടുകള്‍ക്കുള്ളിലേക്ക് വെള്ളം കയറിയിട്ടില്ല. എന്നാല്‍ ഏതുസമയത്തും കയറാമെന്ന സ്ഥിതിയാണെന്നും വല്‍സരാജ് പറയുന്നു.

ഒരാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറച്ചുകൂടി ഗുരുതരമാണ് ഇത്തവണത്തെ സ്ഥിതിയെന്ന് 31ാം വാര്‍ഡ് കൗണ്‍സിലര്‍ ദൃശ്യ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇത്തവണ ചില വീടുകള്‍ക്ക് ഉള്ളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. നേരത്തെ ചിലവീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരുന്നു. എന്നാലിപ്പോള്‍ കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റേണ്ടിവരുമെന്ന സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു.

സൂത്രംകാട്ടില്‍, കാട്ടുവയല്‍, തച്ചംവെള്ളിത്താഴെ, അരൂത്താഴെ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. വായനാരി തോടിന്റെ ഒഴുക്ക് പലയിടങ്ങളിലും തടസപ്പെട്ടതാണ് ഈ മേഖലയില്‍ വെള്ളക്കെട്ടിന് കാരണമായത്.