കൊയിലാണ്ടിയില്‍ യുവാവ് ബൈക്കപകടത്തില്‍ മരിച്ചത് ടെക്‌നോപാര്‍ക്കിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ; നാടിന് നഷ്ടമായത് ഊര്‍ജ്ജസ്വലനായ പൊതുപ്രവര്‍ത്തകനെ
കൊയിലാണ്ടി: നാദാപുരം സ്വദേശിയായ അഷിന്‍ ബൈക്കപകടത്തില്‍ മരിച്ചത് കോഴിക്കോട് ടെക്‌നോപാര്‍ക്കിലേക്ക് പോകുന്നതിനിടെ. ടെക്‌നോപാര്‍ക്കില്‍ ജീവനക്കാരനായ അഷിന്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്തിരുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ഓഫീസിലേക്ക് പോയാല്‍ മതിയായിരുന്നു. രാവിലെ ഏഴരയോടെ ഓഫീസിലേക്ക് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. അശ്വിന്‍ സഞ്ചരിച്ച ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം.
നാട്ടില്‍ പൊതുകാര്യങ്ങളില്‍ സജീവമായിരുന്നു അഷിന്‍. ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. ഡി.വൈ.എഫ്.ഐ ചെക്യാട് ബേങ്ക് ഏരിയാ യൂണിറ്റ് വൈസ് പ്രസിഡന്റാണ്. പ്രദേശത്തിന്റെ വികസന കാര്യങ്ങള്‍ക്കുവേണ്ടിയുള്ള ഇടപെടലുകളില്‍ എന്നും മുന്നിലുണ്ടാവുമെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്ന് രാവിലെ എട്ടുമണിയോടെ കൊയിലാണ്ടി മുരളി പമ്പിന്റെ സമീപത്തായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാദാപുരം ചെക്യാട്ടെ വീട്ടിലേക്ക് കൊണ്ടുവരും.
അഷിന്റെ അച്ഛന്‍ വിദേശത്താണ്. അദ്ദേഹം നാട്ടിലെത്തിയശേഷമേ സംസ്‌കാര ചടങ്ങുകള്‍ നടക്കൂ.
അച്ഛന്‍: അശോകന്‍. അമ്മ: സുകുമാരി. സഹോദരി: അശ്വതി.