കേരള ഗാനങ്ങള്‍, നാടോടി നൃത്തങ്ങള്‍; കേരളപ്പിറവി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം


ചേമഞ്ചേരി: വൈവിധ്യമാര്‍ന്ന പരിപാടികളോടെ കേരളപ്പിറവി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം. പരിപാടിയുടെ ഉദ്ഘാടനം എന്‍.കെ. മാരാര്‍ നിര്‍വ്വഹിച്ചു. മാതൃഭാഷയായ മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിന്റെ ഔപചാരികമായ പ്രഖ്യാപനം നടന്നത് നവംബര്‍ 1 നാണ്. ആദരപൂര്‍വ്വം നാം ഈ സ്ഥാനലബ്ധിയെ അനുസ്മരിക്കുന്നുവെന്നും അമ്മയായ ഈ ഭാഷയെ നമുക്ക് നെഞ്ചോടു ചേര്‍ക്കാമെന്നും അദ്ദേഹം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.


വി.എം.ലീല ടീച്ചര്‍, കെ. സൗദാമിനി ടീച്ചര്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ ബിന്ദു സോമന്‍, ഗ്രാമപഞ്ചായത്ത് അംഗം സജിതാ ഷെറി ഗ്രന്ഥാലയം പ്രസിഡണ്ട് ഡോക്ടര്‍ എന്‍.വി. സദാനന്ദന്‍, ബിജു രാജീവ്, വി.എം. ജാനകി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കേരള ഗാനങ്ങള്‍, നാടോടി നൃത്തങ്ങള്‍, തിരുവാതിരകളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.