കൊയിലാണ്ടി നഗരസഭ ശുദ്ധജല വിതരണ പദ്ധതി; പണി പൂര്‍ത്തിയാകുന്നതോടെ നഗരസഭാ പരിധിയിലെ 78000 പേര്‍ക്ക് ശുദ്ധജലം ലഭ്യമാകും
കൊയിലാണ്ടി: കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന കൊയിലാണ്ടി നഗര ശുദ്ധജല വിതരണ പദ്ധതി രണ്ടാംഘട്ട പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ നഗരസഭാ പരിധിയിലെ 78000 പേര്‍ക്ക് ശുദ്ധജലം ലഭ്യമാവും. രണ്ടാംഘട്ടമായി വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 120 കോടി രൂപയുടെ പദ്ധതിക്കാണ് ശനിയാഴ്ച തുടക്കമായത്.
വീടുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള വിതരണ ശൃംഖലയും ചെറു സ്റ്റോര്‍ ടാങ്കുകളും ഉള്‍പ്പെടുന്നതാണ് രണ്ടാം ഘട്ട പ്രൊജക്ട്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൂന്നു സോണുകളായാണ് വിതരണ ശൃംഖല സ്ഥാപിക്കുന്നത്. ആകെ 360 കിലോമീറ്റര്‍ വിതരണ ശൃംഖല സ്ഥാപിക്കും.
നഗരസഭകളില്‍ നടപ്പാക്കുന്ന അമൃത് പദ്ധതിയ്ക്ക് കീഴിലും ഫണ്ട് ഇതിനായ് മാറ്റിവെച്ചിട്ടുണ്ട്. 20 കോടി രൂപയാണ് അനുവദിച്ചത്. 15000 ഗാര്‍ഹിക കണക്ഷന്‍ നല്‍കാന്‍ ഈ തുക ഉപയോഗപ്പെടുത്തും.പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി മുറിക്കുന്ന പൊതുമരാമത്ത് -മുനിസിപ്പാലിറ്റി റോഡുകളുടെ പുനസ്ഥാപന പ്രവൃത്തികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി കിഫ്ബി മുഖേന 85 കോടി രൂപ ചെലവിട്ട് നഗരസഭയില്‍ മൂന്ന് ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നടേരി വലിയ മലയിലും പന്തലായനി കോട്ടക്കുന്നിലും കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപം ജല അതോറിറ്റി ഓഫീസിന് മുകളിലായുമാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത്.
വലിയ മലയിലെയും കോട്ടക്കുന്നിലെയും ടാങ്കുകള്‍ 17 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതും ജല അതോറിറ്റി ഓഫീസിലേത് 23 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്നതുമാണ്. പെരുവണ്ണാമൂഴിയില്‍ നിന്നും ശുദ്ധജലം ടാങ്കുകളില്‍ എത്തിക്കാനുള്ള പ്രധാന പൈപ്പ്ലൈന്‍ സ്ഥാപിക്കലും ഇതിനോടകം പൂര്‍ത്തിയായി.
[mid5]