തുറയൂരില്‍ സിവില്‍ സപ്ലൈസ് ഷോപ്പില്‍ നിന്നും ജീവനക്കാര്‍ സാധനങ്ങള്‍ കടത്തുന്നെന്ന് ആരോപണം; മാനേജറുടെ കാര്‍ തടഞ്ഞ് നാട്ടുകാര്‍- വീഡിയോ
തുറയൂര്‍: തുറയൂരിലെ സിവില്‍ സപ്ലൈസ് ഷോപ്പില്‍ നിന്നും ജീവനക്കാര്‍ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ ഷോപ്പ് മാനേജരുടെ കാര്‍ തടഞ്ഞു. ഷോപ്പ് മാനേജരുടെ കാറില്‍ സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പയ്യോളിയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി കാര്‍ പരിശോധിക്കുകയും കാറില്‍ നിന്നും മൂന്ന് ചാക്ക് അരി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ പൊലീസ് സിവില്‍ സപ്ലൈസ് ഓഫീസറെ വിവരം അറിയിച്ചു. ഓഫീസറെത്തി കാറില്‍ നിന്നും കണ്ടെത്തിയ സാധനങ്ങള്‍ അളന്നു തിട്ടപ്പെടുത്തി. ഷോപ്പിലെ നിലവിലെ സാധനങ്ങളുടെ സ്റ്റോക്കെടുത്താലേ സാധനങ്ങള്‍ കടത്തിയിട്ടുണ്ടോയെന്ന് വ്യക്തത വരൂവെന്നാണ് സിവില്‍ സപ്ലൈസ് ഓഫീസര്‍ അറിയിച്ചത്. ഇന്ന് രാവിലെ ഓഫീസിലെത്തി സ്റ്റോക്കെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മുമ്പ് ഒന്നുരണ്ട് തവണ ഇതേ രീതിയില്‍ കാറില്‍ സപ്ലൈക്കോയിലെ സാധനങ്ങള്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നാണ് നാട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഇക്കാരണംകൊണ്ടുതന്നെ നാട്ടുകാര്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിരുന്നെന്നും അതിനാലാണ് സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്നത് തടഞ്ഞതെന്നും പ്രദേശവാസികള്‍ അറിയിച്ചു.
Summary: Allegedly that employees smuggle goods from civil supplies shop in Thurayur; The locals stopped the manager’s car